'കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികള്‍'; വിവാദ പരാമര്‍ശവുമായി മാര്‍ ജോസഫ് പാംപ്ലാനി

രക്തസാക്ഷികളെപ്പറ്റി വിവാദ പരാമര്‍ശവുമായി തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ചിലര്‍ പ്രകടനത്തിനിടയില്‍ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് തെന്നിവീണു മരിച്ചവരാണെന്നും പാംപ്ലാനി പ്രസംഗിച്ചു. കണ്ണൂരില്‍ നടന്ന കെ സി വൈ എം യുവജന ദിനാഘോഷ വേദിയിലാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്.
അപ്പോസ്തലന്മാരുടെ രക്തസാക്ഷിത്വം സത്യത്തിന് വേണ്ടിയായിരുന്നുവെന്നും എന്നാല്‍ രാഷ്ട്രീയ രക്തസാക്ഷികള്‍ അങ്ങനെയല്ലെന്നുമാണ് അദ്ദേഹം പ്രസംഗത്തിലൂടെ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പേര് എടുത്ത് പറഞ്ഞുകൊണ്ടല്ല ഇത്തരത്തിലൊരു പ്രസംഗം നടത്തിയത്. ഇതിന് പുറമേ മറ്റ് പല വിഷയങ്ങളെപ്പറ്റിയും തലശ്ശേരി ആര്‍ച്ച് ബിഷപ്പ് സംസാരിച്ചു.
യുവജനങ്ങള്‍ക്ക് കേരളത്തില്‍ ജീവിക്കാനുള്ള സാഹചര്യം ഇല്ലാതായി. അതുകൊണ്ടാണ് പ്ലസ്ടു കഴിഞ്ഞ ഉടന്‍ യുവതീ യുവാക്കള്‍ വിദേശത്തേയ്ക്ക് പോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റബറിന് വില വര്‍ധിപ്പിച്ചാല്‍ കേരളത്തില്‍ ബിജെപിക്ക് എം പിമാരില്ലായെന്ന കുറവ് മലയോര കര്‍ഷകര്‍ പരിഹരിക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി മുമ്പ് പറഞ്ഞിരുന്നു. അതും വലിയ രാഷ്ട്രീയ വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു.