നിരവധി വിദ്യാർത്ഥികൾ തന്നെ വിളിച്ചിരുന്നു, ഒന്നിച്ചെടുത്ത തീരുമാനം ; ലോകകപ്പ് അവധിയിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ
ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച സർക്കാർ നടപടിയെക്കുറിച്ച് വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ. ഫൈനൽ പ്രമാണിച്ച് നിരവധി വിദ്യാർത്ഥികൾ അവധി വേണമെന്ന് ആവശ്യപ്പെട്ട് തന്നെ വിളിച്ചിരുന്നതായി മന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയോടും ഉന്നത വിദ്യാഭ്യാസ മന്ത്രിയോടും ഗൗരവമായി ആലോചിച്ച ശേഷമാണ് ഈ പൊതുഅവധി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നേരത്തെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദ്ദേശപ്രകാരമാണ് നാളെ സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിയത്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതോടെ ഫൈനൽ നമുക്ക് അടിച്ചുപൊളിക്കാം എന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ പ്രതികരണം. ഇന്ന് അർദ്ധരാത്രി 12.30-ന് ആരംഭിക്കുന്ന ഫൈനൽ മത്സരം പൂർണ്ണ ആവേശത്തോടെ ആസ്വദിക്കാനും, തുടർന്നുണ്ടാകുന്ന യാത്രാ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുകയാണ് സർക്കാർ ചെയ്തതെന്ന് മന്ത്രി വിവരിച്ചു. നിലവിലെ ലോക ജേതാക്കളായ അർജൻറീനയും സ്പെയിനും തമ്മിലാണ് കലാശപ്പോരാട്ടം നടക്കുന്നത്. ലിയോണൽ മെസിയും ലാമിൻ യമാലും നേർക്കുനേർ പോരടാനിറങ്ങുമ്പോൾ കേരളം ഒന്നാകെ വിശ്വപോരാട്ടത്തിന്റെ ആവേശത്തിലാണ്.
.jpg)

