'അധ:പതനം പലരുടെയും കണ്ടിട്ടുണ്ട്, ഇത് സമാനതകളില്ലാത്തത്'; ശ്രീലേഖക്കും സെന്‍കുമാറിനുമെതിരെ തോമസ് ഐസക്
ഏതാനും മാസം മുമ്പ് വരെ പൊലീസില്‍ ഉണ്ടായിരുന്ന ശ്രീലേഖ 'പോടാ പുല്ലേ പൊലീസേ' എന്നു വെല്ലുവിളിക്കുന്ന കാഴ്ച അതീവദയനീയമാണെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു.
പലരുടെയും അധഃപതനം കണ്ടിട്ടുണ്ടെങ്കിലും കേരളത്തിലെ രണ്ട് മുന്‍ ഡിജിപിമാരായ സെന്‍കുമാറിനെയും ശ്രീലേഖയെയും പോലുള്ളവരുടെ അധ:പതനത്തിനു സമാനതകളില്ലെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് തോമസ് ഐസക്കിന്റെ പരിഹാസം. 'തൂക്കുമന്ത്രിസഭ ഉണ്ടായാല്‍ കേരളത്തില്‍ പ്രസിഡന്‍ഷ്യല്‍ ഭരണമുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ ഓര്‍ത്തോ'യെന്നുള്ളതാണ് സെന്‍കുമാറിന്റെ ഏറ്റവും പുതിയ ഭീഷണി . സെന്‍കുമാര്‍ ഏതാനും വര്‍ഷങ്ങളായി പൊലീസ് സേന വിട്ടെന്നു കരുതാം. എന്നാല്‍ ഏതാനും മാസം മുമ്പ് വരെ പൊലീസില്‍ ഉണ്ടായിരുന്ന ശ്രീലേഖ 'പോടാ പുല്ലേ പൊലീസേ' എന്നു വെല്ലുവിളിക്കുന്ന കാഴ്ച അതീവദയനീയമാണെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
അധ:പതനം പലരുടെയും കണ്ടിട്ടുണ്ട്. എന്നാലും കേരളത്തിലെ രണ്ട് മുന്‍ ഡിജിപിമാരായ സെന്‍കുമാറിന്റെയും ശ്രീലേഖയുടെയും പോലുള്ള അധ:പതനത്തിനു സമാനതകളുണ്ടാവില്ല. രണ്ട് പേരുടെയും ഇപ്പോഴത്തെ ഹോബി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തലാണ്. 'തൂക്കുമന്ത്രിസഭ ഉണ്ടായാല്‍ കേരളത്തില്‍ പ്രസിഡന്‍ഷ്യല്‍ ഭരണമുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ ഓര്‍ത്തോ'യെന്നുള്ള ഭീഷണിയാണ് സെന്‍കുമാറിന്റെ ലേറ്റസ്റ്റ്. സെന്‍കുമാര്‍ ഏതാനും വര്‍ഷങ്ങളായി പൊലീസ് സേന വിട്ടിട്ടെന്നു കരുതാം. എന്നാല്‍ ഏതാനും മാസം മുമ്പ് വരെ പൊലീസില്‍ ഉണ്ടായിരുന്ന ശ്രീലേഖ 'പോടാ പുല്ലേ പൊലീസേ' എന്നു വെല്ലുവിളിക്കുന്ന കാഴ്ച അതീവദയനീയമാണ് (pathetic). ഒരുകാലത്ത് തന്റെ കീഴ് ഉദ്യോഗസ്ഥര്‍ ആയിരുന്നവര്‍ക്ക് ആജ്ഞാസ്വരത്തില്‍ വാട്‌സാപ്പ് മെസേജ് അയക്കാനും അവര്‍ക്ക് മടിയില്ല.
ഈ മഹാനും മഹതിയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പൊലീസിനെ കേരളത്തിലെ പൊലീസുമായി ഒരുനിമിഷം താരതമ്യപ്പെടുത്തിയിരുന്നെങ്കില്‍ ഈ കോമാളി വേഷം കെട്ടില്ലായിരുന്നു. ഏറ്റവും പുതിയ India Justice Report പ്രകാരം 10-ല്‍ കേരളത്തിന്റെ സ്‌കോര്‍ 6.09 ആണ്. മുകളില്‍ കര്‍ണ്ണാടക (6.78), ആന്ധ്രാപ്രദേശ് (6.32), തെലുങ്കാന (6.15) എന്നീ മൂന്ന് സംസ്ഥാനങ്ങളേയുള്ളൂ. തൊട്ടുതാഴെ തമിഴ്‌നാട് (5.62). എന്നാല്‍ നിങ്ങളുടെ യുപിക്ക് 17-ാം സ്ഥാനമാണുള്ളത് (3.92). ഉത്തരാഖണ്ഡിന് 16-ാം സ്ഥാനം (4.41). രാജസ്ഥാന് 14-ാം സ്ഥാനം (4.83), ബീഹാറിന് 13-ാം സ്ഥാനം (4.88). നിങ്ങളുടെ പുണ്യഭൂമി ഗുജറാത്തിന് 11-ാം സ്ഥാനമേയുള്ളൂ (5.07). ഇത് മനസിലുണ്ടായിരുന്നെങ്കില്‍ '33 വര്‍ഷം താന്‍ സേവിച്ച സേനയെ ഓര്‍ത്ത് ഇപ്പോള്‍ നാണം തോന്നുന്നു'വെന്ന് ശ്രീലേഖയ്ക്ക് പറയേണ്ടി വരുമായിരുന്നില്ല.
കേരളത്തിലെ പൊലീസ് സേനയെ കൂടുതല്‍ ജനകീയവും കാര്യക്ഷമവുമാക്കുന്നതിനുള്ള പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നത് ഇടതുപക്ഷമാണ്. 1957-ല്‍ കൊളോണിയല്‍ പൊലീസിനെ തിരുത്തുന്നതിനുള്ള പരിഷ്‌കാരങ്ങള്‍ ആരംഭിച്ചു. സ. കോടിയേരി ബാലകൃഷ്ണന്‍ പൊലീസ് മന്ത്രി ആയിരിക്കുമ്പോള്‍ കമ്മ്യൂണിറ്റി പൊലീസ് പരിഷ്‌കാരങ്ങളുടെ ഭാഗമായി ജനമൈത്രി പൊലീസ് ആരംഭിച്ചു. ചട്ടങ്ങളും നിയമങ്ങളും പരിഷ്‌കരിച്ചു. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടയിലുണ്ടായ ഏറ്റവും പ്രധാനപ്പെട്ട മാറ്റം സേനയുടെ വിപുലീകരണം, പരിശീലനം, ഡിജിറ്റലൈസേഷനുമാണ്. ഇവയൊന്നും പൂര്‍ണ്ണമായിട്ടില്ല. ഇനിയുമേറെ ചെയ്യാനുണ്ട്.
ഇനി ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയില്‍ വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അവ കമന്റായി നല്‍കിയിട്ടുണ്ട്. അവ വായിച്ച് എന്താണ് അഭിപ്രായ വ്യത്യാസമുള്ളതെന്ന് രണ്ട് മുന്‍ ഡിജിപിമാരും പറഞ്ഞാല്‍ നന്നായിരിക്കും.
പക്ഷേ, ഒന്നുണ്ട്. ഡല്‍ഹിയില്‍ ഭരിക്കുന്നത് ബിജെപി ആണെന്നതുകൊണ്ട് ആജ്ഞാനുവര്‍ത്തികളായ ചില പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി കേരളത്തിലെ പൊലീസിനെ ഭരിക്കാമെന്നുള്ള ചിന്ത ബിജെപിക്ക് ഉണ്ടെങ്കില്‍ അത് നടക്കില്ല. അതുകൊണ്ട് മുന്‍ ഡിജിപിമാര്‍ വാട്‌സാപ്പ് വഴിയൊന്നും ഉത്തരവ് ഇറക്കിയിട്ടൊന്നും ഒരു കാര്യവുമില്ല.
നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യും, നിയമത്തിനു മുന്നില്‍ കൊണ്ടുവരും. ആരാധനാലയങ്ങള്‍ ക്രിമിനലുകള്‍ക്കുള്ള ഒളിത്താവളങ്ങളാക്കരുത്. സമരം ചെയ്ത് പൊലീസിനെ ഭയപ്പെടുത്താന്‍ നോക്കുകയും വേണ്ട.
.jpg)

