ഗോവിന്ദന്റെ പല പത്രസമ്മേളനങ്ങളും നെഗറ്റീവ് ഫലം ഉണ്ടാക്കി ; കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് രൂക്ഷ വിമര്‍ശനം
തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വവും പയ്യന്നൂരിലെ ഫണ്ട് വിഷയവും ജില്ലയിലെ വോട്ടര്‍മാര്‍ക്കിടയിലും ചര്‍ച്ചയായി.
സിപിഐഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് രൂക്ഷ വിമര്‍ശനം. തമ്പ്രാക്കന്മാര്‍ പറയും, അടിയാന്മാര്‍ അനുസരിക്കണം എന്നതാണ് നിലപാട് എന്നാണ് സെക്രട്ടറിയേറ്റില്‍ നേതാക്കള്‍ ഉയര്‍ത്തിയ വിമര്‍ശനം. ഗോവിന്ദന്റെ പല പത്രസമ്മേളനങ്ങളും നെഗറ്റീവ് ഫലം ഉണ്ടാക്കിയെന്നും വിമര്‍ശനം ഉയര്‍ന്നു.
തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വവും പയ്യന്നൂരിലെ ഫണ്ട് വിഷയവും ജില്ലയിലെ വോട്ടര്‍മാര്‍ക്കിടയിലും ചര്‍ച്ചയായി. സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായില്ല. പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പ് തൃക്കരിപ്പൂര്‍ തോല്‍വിയില്‍ ഒരു ഘടകമായി. ഭൂമാഫിയ സംഘങ്ങളുമായി ബന്ധമുള്ള മധുസൂദനനെ പയ്യന്നൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് തിരിച്ചടിയായി. ജില്ലാ നേതൃത്വം മഞ്ചേശ്വരത്ത് കെ ആര്‍ ജയാനന്ദയെ രക്തസാക്ഷിയാക്കി. മഞ്ചേശ്വരത്ത് 20,000 സിപിഐഎം വോട്ടുകള്‍ മറിഞ്ഞതില്‍ ഇടപെടലുണ്ടായെന്നും വിമര്‍ശനം ഉയര്‍ന്നു.
സിപിഐഎം ആലപ്പുഴ സെക്രട്ടറിയേറ്റിലും എം വി ഗോവിന്ദനെതിരെ വിമര്‍ശനം ഉയര്‍ന്നു. എം വി ഗോവിന്ദന്റെ പങ്കാളി പി കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചായിരുന്നു വിമര്‍ശനം. പി കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം തിരിച്ചടിയായെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും എം വി ഗോവിന്ദന്‍ ശൈലി മാറ്റുന്നില്ലെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം ഉയര്‍ന്നു. പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് നേതാക്കള്‍ ആവശ്യമുയര്‍ത്തി. പിണറായി വിജയന് മാത്രം എന്തിനാണ് ഇളവുകളെന്നും ചോദ്യമുയര്‍ന്നു.
.jpg)

