കൂടുതൽ ആൺസുഹൃത്തുക്കളുണ്ടായിരുന്നതും രാത്രി വൈകി വീട്ടിൽ എത്തുന്നതും എതിർത്തത് പകയ്ക്ക് കാരണമായി ; വയോധികൻറെ കൊലപാതകകേസിൽ ചോദ്യംചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് 13കാരി
ആലപ്പുഴ: കരുവാറ്റയിലെ വയോധികൻറെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് അടുത്ത ബന്ധുവായ 13കാരി. വീട്ടുകാരെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്കിടെയായിരുന്നു ഇത്. കൊല്ലപ്പെട്ടയാൾ തൻറെ കാര്യങ്ങളിൽ അമിതമായി ഇടപെടുകയും പലതും വിലക്കുകയും ചെയ്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ‘‘എനിക്ക് കുട്ടിക്കാലത്ത് മാതാപിതാക്കളുടെ സ്നേഹം കിട്ടിയിരുന്നില്ല. ഇഷ്ടങ്ങൾ ആരും അംഗീകരിച്ചില്ല. ബന്ധുവിൽനിന്ന് ഒരുപാട് വിലക്കുകൾ നേരിടേണ്ടിവന്നിട്ടുണ്ട്...’’ -കുടുംബത്തെക്കുറിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയായി കുട്ടി ഇങ്ങനെ പറഞ്ഞു.
പെൺകുട്ടിക്ക് കൂടുതൽ ആൺസുഹൃത്തുക്കളുണ്ടായിരുന്നതും വീട്ടിൽ രാത്രി വൈകിയെത്തുന്നതും അമിത ഫോൺ ഉപയോഗവും എതിർത്തതാണ് കടുത്ത പകയുണ്ടാകാൻ കാരണം. ഈ പക തീർക്കാൻ സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു. ഐഫോൺ വാങ്ങാനും കൂട്ടുകാരന് ബൈക്കിന് പണം കണ്ടെത്താനും കൂടിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തൽ. പെൺകുട്ടിയോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന വെളിപ്പെടുത്തലും പൊലീസ് വിശദമായി അന്വേഷിക്കും.
മാസങ്ങൾക്ക് മുമ്പുതന്നെ കൊലപാതകം ആസൂത്രണം ചെയ്തിരുന്നു. ആദ്യഘട്ടത്തിൽ വിഷംനൽകി കൊലപ്പെടുത്താനായിരുന്നു ശ്രമം. പിന്നീട് വാഹനാപകടത്തിൽപെടുത്താൻ തീരുമാനിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് വീട്ടിൽ ആളില്ലാത്ത സമയംനോക്കി കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. വയോധികൻറെ മകൾ പ്രസവത്തിനായി ആശുപത്രിയിൽ പോകുന്ന ദിവസങ്ങളിൽ ഒറ്റക്കായിരിക്കാമെന്ന് കണക്കുകൂട്ടി ആസൂത്രണം ചെയ്യുകയായിരുന്നു.
ട്രെയിൻ വഴിയാണ് കാമുകനും സുഹൃത്തുക്കളും കൃത്യത്തിനെത്തിയത്. ഇവർക്ക് പെൺകുട്ടി ഫോണിലൂടെ നിർദേശം നൽകിക്കൊണ്ടിരുന്നു. കൊലപാതകത്തിനുശേഷം പുലർച്ച ഏഴ് കിലോമീറ്ററോളം അകലെയുള്ള ഹരിപ്പാട്ടെത്തി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപത്തെ തട്ടുകടയിൽനിന്ന് ഭക്ഷണം കഴിച്ചു.
ഒരിക്കലും പിടിക്കപ്പെടില്ലെന്നായിരുന്നു 13 വയസ്സുകാരിയുടെ ആത്മവിശ്വാസം. അതിനാൽ, കേസിൽ നിർണായകമായ മൊബൈൽ ഫോൺ രേഖകൾ മായ്ക്കാൻ ശ്രമിച്ചില്ല. പിടിയിലായവരുമായുള്ള ഫോൺ വിളികളും ചാറ്റുകളും അതുപോലെ ഫോണിലുണ്ടായിരുന്നു. അങ്ങനെയാണ് പെൺകുട്ടി കൊലപാതകം തത്സമയം കണ്ടുവെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
കൊലപാതക ശേഷം മറ്റ് കാര്യങ്ങളെല്ലാം പെൺകുട്ടി അപ്പോൾ തന്നെ അറിയിക്കുന്നുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതും പെൺകുട്ടിയോട് കാര്യങ്ങൾ ചോദിച്ചതും പിടിയിലായവർ അറിഞ്ഞിരുന്നു. ഇതിനുശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥർ പെൺകുട്ടിയിൽനിന്ന് ഫോൺ വാങ്ങിയത്.
.jpg)

