മാനുവൽ ഫ്രെഡറികിൻ്റെ വിയോഗം ഇന്ത്യൻ കായികലോകത്തിൻ്റെ നഷ്ടം: കെ.സുധാകരൻ എം പി

മാനുവൽ ഫ്രെഡറികിൻ്റെ വിയോഗം ഇന്ത്യൻ കായികലോകത്തിൻ്റെ നഷ്ടം: കെ.സുധാകരൻ എം പി
Manuel Frederick's death is a loss to Indian sports: K. Sudhakaran MP
Manuel Frederick's death is a loss to Indian sports: K. Sudhakaran MP

കണ്ണൂർ:  ഒളിമ്പിക്സിൽ ആദ്യമായി മെഡൽ നേടിയ മലയാളിയെന്ന നിലയിൽ ചരിത്ര പുരുഷനായിരുന്നു മാനുവല്‍ ഫ്രെഡറിക്‌ എന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം കെ. സുധാകരൻ എംപി പറഞ്ഞു.   സ്വപ്ന സമാനമായ നേട്ടം ഇന്ത്യൻ ഹോക്കിക്കു നേടിക്കൊടുക്കാനും വരും തലമുറകൾക്ക് പ്രചോദനമാകാനും മാനുവൽ ഫ്രെഡറിക്കിനു സാധിച്ചു. പക്ഷെ ആ മികവിനെ അംഗീകരിക്കുന്നതിൽ നമ്മുടെ ഭരണാധികാരികൾ വേണ്ട ശ്രദ്ധ പുലർത്തിയില്ല. വടക്കേ മലബാറുകാരനെന്ന നിലയിലാകാം ഒരു പക്ഷേ ഈ അവഗണന ഉണ്ടായത്. 

tRootC1469263">

പദ്മ പുരസ്കാരം ഉൾപ്പെടെ അർഹതപ്പെട്ട ബഹുമതികൾ  അദ്ദേഹത്തെ എത്രയോ മുമ്പ് തേടിയെത്തേണ്ടതായിരുന്നു. പഞ്ചാബിലും ഡൽഹിയിലും സാധാരണക്കാർ വരെ ഒളിംപ്യൻ മാനുവലെന്ന് ഹർഷാരവത്തോടെ അഭിസംബോധന ചെയ്യുമ്പോൾ സ്വന്തം ജന്മനാടായ കണ്ണൂർ നഗരത്തിലൊഴികെ കേരളത്തിൽ മറ്റൊരിടത്തും കായിക പ്രേമികൾ തന്നെ തിരിച്ചറിയാറില്ലെന്ന് മാനുവൽ മുമ്പൊരിക്കൽ സങ്കടത്തോടെ പറഞ്ഞത് ഈയവസരത്തിൽ ഓർക്കുകയാണ്. ഹോക്കിയോടും കായിക താരങ്ങളോടുമുള്ള നമ്മുടെ നാടിൻ്റെ അവഗണന അത്ര വലുതാണെന്ന തിരിച്ചറിവാണ് ഒരു പക്ഷേ ഈ ഒളിംപ്യനെ ബംഗളൂരുവില്‍ വേരുറപ്പിക്കാൻ പ്രേരിപ്പിച്ചത്. 

ബംഗളൂരുവില്‍ ഒട്ടനവധി ക്ളബുകളുടെയും വിദ്യാലയങ്ങളുടെയും പരിശീലകനാകാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.അന്താരാഷ്ട്ര മത്സരങ്ങളിൽ മഴവില്ലുപോലെ വളഞ്ഞ് ചാടി ഗോളുകൾ സേവ് ചെയ്യുന്ന ഈ കണ്ണൂരുകാരൻ ഗോൾ വലയം കാത്തത് ലോകകപ്പ് ഫുട്ബോളുകളിൽ ഹിഗ്വിറ്റ തൻ്റെ രാജ്യത്തിനു വേണ്ടി പുറത്തെടുത്ത മാന്ത്രികതയ്ക്കു തുല്യമായ രീതിയിലായിരുന്നുവെന്ന് പലരും പിന്നീട് വിലയിരുത്തിയിരുന്നു.
 രാജ്യത്തിനായി വെങ്കലം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നുവെങ്കിലും കളിക്കളത്തിൽ ടൈഗർ എന്ന വിളിപ്പേരുള്ള മാനുവലിന് അർഹതയ്ക്കുള്ള അംഗീകാരം ഒരിക്കലും ലഭിച്ചിരുന്നില്ല.   21 അന്താരാഷ്ട്ര ടൂർണമെൻ്റുകളിൽ രാജ്യത്തിൻ്റെ ഗോൾവലയം കാത്ത താരത്തിനാണ് അവഗണയുടെ കയ്പ്പുനീര് കുടിക്കേണ്ടി വന്നത്. ധ്യാൻചന്ദ് ദേശീയ പുരസ്കാരം പോലും അവസാന കാലത്തു മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്.   മാനുവലിന്റെ വിയോഗം  ഇന്ത്യയുടെ കായികലോകത്തിന്  വലിയ നഷ്ടമാണെന്ന്  കെ. സുധാകരൻ എം പി അനുശോചന കുറിപ്പിൽ പറഞ്ഞു.

Tags