'കേരളത്തിലെ സഖാക്കളെ സിപിഐഎം കബളിപ്പിക്കുകയാണ്, അടിസ്ഥാനപരമായി മാറേണ്ടതൊന്നും മാറ്റാന്‍ ഇവര്‍ തയ്യാറല്ല' ; മനു തോമസ്
കണ്ണൂര്‍: സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ വിമര്‍ശനം തുടര്‍ന്ന് ഡിവൈഎഫ്‌ഐ മുന്‍ നേതാവ് മനു തോമസ്. കേരളത്തിലെ സഖാക്കളെ സിപിഐഎം കബളിപ്പിക്കുകയാണെന്നും അടിസ്ഥാനപരമായി മാറേണ്ടതൊന്നും മാറ്റാന്‍ ഇവര്‍ തയ്യാറല്ലെന്നും മനു തോമസ് വിമര്‍ശിച്ചു. വിശാല കമ്മിറ്റി അല്ല, വിശാല ബുദ്ധിയാണെന്നും മനു തോമസ് പരിഹസിച്ചു.
കമ്മിറ്റിയുടെ അവകാശം എന്താണെന്നത് സംബന്ധിച്ച് സാമാന്യ ബോധ്യമുള്ള സഖാക്കള്‍ക്ക് ഇവര്‍ ചെയ്യുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല. അവിടെ പ്രത്യേകിച്ച് ഒന്നും നടക്കുന്നില്ലെന്നാണ് വിവരം. കരട് റിപ്പോര്‍ട്ടിന്റെ ഭാഗമായി സ്വയം വിമര്‍ശനം ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദി പിണറായി വിജയന്‍ ആണ്. പിണറായി വിജയന്റെ സമീപനങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയവും ഉൾപ്പെടെ പ്രശ്നമായി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രധാന റോള്‍ വഹിച്ചത് പിണറായി വിജയനും എം വി ഗോവിന്ദനുമാണ്. തിരുത്തുകയെന്ന ലൈനില്‍ ചര്‍ച്ചകള്‍ ഇല്ലെന്നും മനു തോമസ് പറഞ്ഞു.
പിണറായി വിജയനെ കടന്നാക്രമിക്കാന്‍ ഇ ഡി വരുമ്പോള്‍ പാര്‍ട്ടി ദുര്‍ബലപ്പെടാന്‍ പാടില്ലെന്ന് അണികളോട് പറഞ്ഞുവെയ്ക്കുന്നു. പിണറായിക്കെതിരെ കേസ് വന്നാല്‍ പാര്‍ട്ടി ദുര്‍ബലപ്പെടുന്നുവെന്ന അര്‍ത്ഥം നല്‍കുകയാണ്. പാര്‍ട്ടിയാകെ പിണറായിക്കൊപ്പം നില്‍ക്കണം എന്ന മെസ്സേജ് ആണ് ഈ സമ്മേളനം നല്‍കുന്നത്. പിണറായിയെ സംരക്ഷിക്കുക എന്ന പ്രഖ്യാപനം നടത്തുകയാണ്, അല്ലാതെ ഒരു തിരുത്തലും നടക്കുന്നില്ല എന്നും മനു തോമസ് പറഞ്ഞു.
പാര്‍ട്ടി നേരിടുന്ന പ്രധാന പ്രശ്‌നം പാര്‍ട്ടിയെ നയിക്കുന്നത് ഒന്നോ രണ്ടോ പേരാണ് എന്നതാണ്. പാര്‍ട്ടിയെ നയിക്കുന്നയാള്‍ എന്ത് തെറ്റ് ചെയ്താലും തിരുത്താന്‍ കഴിയുന്ന വ്യക്തി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇല്ല. മറുവാക്കു പറയാന്‍ ശേഷിയില്ലാത്ത ഒരു സെക്രട്ടേറിയറ്റിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇഎംഎസും ലെനിനും തിരുത്തിയിട്ടുണ്ടെന്ന് പറയുന്നുണ്ട്. എന്തുകൊണ്ടാണ് പിണറായി വിജയനും എം വി ഗോവിന്ദനും തിരുത്താന്‍ ഉദ്ദേശമില്ലാത്തതെന്നും മനു തോമസ് ചോദിക്കുന്നു.
.jpg)

