ജീവനക്കാരന്റെ മുഖത്ത് മുണ്ടിട്ട് മൂടി, മുളകുപൊടിയെറിഞ്ഞു, പമ്പില്‍ സിനിമസ്‌റ്റൈല്‍ കവര്‍ച്ച: അന്വേഷണം ശക്തമാക്കി പൊലീസ്

പെട്രോളടിക്കാനെന്ന വ്യാജേന കാറില്‍ എത്തി സിനിമാ സ്‌റ്റൈല്‍ കവര്‍ച്ച നടത്തിയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കോഴിക്കോട് ഓമശ്ശേരിയിലെ പെട്രോള്‍ പമ്പിലാണ് സംഭവം.
മുകളുപൊടിയെറിഞ്ഞും ജീവനക്കാരന്റെ മുഖത്ത് മുണ്ടിട്ട് മൂടിയുമായിരുന്നു പണം കവര്‍ന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മുക്കം പൊലീസ് അന്വേഷണം തുടങ്ങിയത്. പുലര്‍ച്ചെ രണ്ടുമണിക്കാണ് സംഭവം. ഓമശ്ശേരി മങ്ങാട് 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിലാണ് നാലംഗ കവര്‍ച്ചാസംഘമെത്തിയത്. സംഭവസമയത്ത് രണ്ട് ജീവനക്കാര്‍ മാത്രമായിരുന്നു പെട്രോള്‍ പമ്പിലുണ്ടായിരുന്നത്.
പെട്രോളടിച്ച് പണം വാങ്ങാനുളള ശ്രമത്തിനിടെ ജീവനക്കാരന്‍ സുരേഷ് ബാബുവിന്റെ മുഖത്തേക്ക് ഒരാള്‍ മുളക് പൊടിയെറിഞ്ഞു. നിമിഷങ്ങള്‍ക്കകം മറ്റൊരാള്‍ ഉടുത്തമുണ്ടുരിഞ്ഞ് സുരേഷ്ബാബുവിനെ വരിഞ്ഞുമുറുക്കി പണം കവര്‍ന്നു. ഉറക്കത്തിലായിരുന്ന മറ്റൊരു ജീവനക്കാരനെത്തുമ്പോഴേക്കും സംഘം രക്ഷപ്പെട്ടു.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മുക്കം പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം തുടങ്ങി. ദൃശ്യങ്ങളില്‍ സാമ്യതയുളളവരെ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്യുന്നുണ്ട്.