‘ മന്നം സമാധി ഈശ്വരതുല്യം ആരാധിക്കുന്ന ഒരു ക്ഷേത്രമാണ്, അവിടെ പട്ടിയെ കയറ്റി ആരും അദ്ദേഹത്തെ ആദരിക്കേണ്ട, അതാണ് ഉപരാഷ്ട്രപതിക്ക് അനുമതി നിഷേധിച്ചത്’ : ജി. സുകുമാരൻ നായർ

No one is prohibited from offering floral tributes at Mannam Samadhi; NSS General Secretary G Sukumaran Nair says that the use of dog squads for inspection is unacceptable

 ചങ്ങനാശ്ശേരി: മന്നം സമാധിയിൽ ആർക്കും അനുമതി നിഷേധിച്ചിട്ടില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഈശ്വരതുല്യം ആരാധിക്കുന്ന ഒരു ക്ഷേത്രമാണതെന്നും അവിടെ പട്ടിയെ കേറ്റിയിട്ട് ആരും അദ്ദേഹത്തെ ആദരിക്കേണ്ട എന്നതിനാലാണ് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ വന്നപ്പോൾ അനുമതി നിഷേധിച്ചതെന്നും സുകുമാരൻ നായർ പറഞ്ഞു.

‘അവിടെ ആർക്കും അനുമതി നിഷേധിച്ചിട്ടില്ല. സുരേഷ് ഗോപി പുഷ്പാർച്ചന നടത്തിയില്ലേ? വൈസ് പ്രസിഡന്റ് പുഷ്പാർച്ചനക്ക് വന്നപ്പോൾ പട്ടിയെ കേറ്റി അവിടെ പരിശോധിക്കണം എന്ന് പറഞ്ഞു. ഞങ്ങൾ ഈശ്വരതുല്യം ആരാധിക്കുന്ന ഒരു ക്ഷേത്രമാണ്. അതിനകത്ത് പട്ടിയെ കേറ്റിയിട്ട് ആരും അവിടെ അദ്ദേഹത്തെ ആദരിക്കേണ്ട എന്ന് പറഞ്ഞു. അത് ഞാൻ പറയേണ്ടത് എന്റെ കടമയാണ്’ -സുകുമാരൻ നായർ വ്യക്തമാക്കി.

എൻഎസ്എസിനെ ഇല്ലാതാക്കാൻ കുറച്ചുപേർ കീഴ്‌കോടതിയിലും ഹൈകോടതിയിലും സുപ്രീം കോടതിയിലുമെല്ലാം കേസുമായി നടക്കുന്നുണ്ടെന്നും അവരുടെ ഒരു വാലായിട്ടാണ് കെ.ബി. ഗണേഷ് കുമാർ ഇപ്പോൾ സംസാരിക്കുന്നതെന്നും സുകുമാരൻ നായർ ആരോപിച്ചു. ‘അവരെല്ലാവരും കൂടി സംഘടിച്ചാണ് അവിടെ മീറ്റിങ്ങിൽ പങ്കെടുത്തത്. 64 വർഷമായി ഞാൻ ഇതിനകത്ത് കയറിയിട്ട്. ഒരുത്തൻ വിചാരിച്ചാലും എനിക്കെതിരേ ഗൂഢാലോചന വെക്കാൻ പറ്റിയ തെറ്റൊന്നും എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഗണേഷിന് കോടതിയിൽ പോകാമല്ലോ. കോടതിയിൽ എന്താണ് പോകാത്തത്. അനധികൃതമായി ഒരാൾക്കും നിയമനം കൊടുത്തിട്ടില്ല’ സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

ആളുകൾ ഇവിടെ വരുമ്പോൾ വരുമ്പോൾ മുഖത്ത് നോക്കുന്നില്ല എന്ന ഗണേഷ് കുമാറിന്റെ ആരോപണത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ‘അത് എന്നാണ് തോന്നിയത്? ഇപ്പോൾ വർഷം എത്രയായി? എല്ലാ സ്ഥാനങ്ങളും നഷ്ടപ്പെട്ടു കഴിഞ്ഞപ്പോൾ അല്ലേ ഇത് പറയുന്നുള്ളൂ. സ്ഥാനമാനങ്ങൾ പോയതുകൊണ്ടാണോ പറയുന്നതെന്ന് നിങ്ങൾ തീരുമാനിച്ചോളൂ. എന്തെല്ലാം സ്ഥാനം ഉണ്ടെന്നും മാനം ഉണ്ടെന്നും ഒക്കെ നിങ്ങൾക്ക് തീരുമാനിക്കാവുന്ന കാര്യമേ ഉള്ളൂ. ഞാനായിട്ട് അത് പറയുന്നില്ല. സമദൂര നിലപാടിനെ ചോദ്യം ചെയ്തതാണ് അദ്ദേഹത്തെ പുറത്താക്കാൻ കാരണം എന്ന് പറയുന്നുണ്ടെങ്കിൽ, എൻഎസ്എസിനെ സംബന്ധിച്ചിടത്തോളവും ജനങ്ങളെ സംബന്ധിച്ചിടത്തോളവും സമദൂര നിലപാട് നല്ലൊരു നിലപാടാണ്. അത് ഞങ്ങൾ തുടരുക തന്നെ​ ചെയ്യും. അതിനെ എവിടെയാണ് ചോദ്യം ചെയ്തത്? ഇതിനകത്തൊന്നും കേറി ആരും ചോദ്യം ചെയ്യാൻ വരത്തില്ല. ഞാൻ അയാൾക്ക് ദ്രോഹമൊന്നും ചെയ്തിട്ടില്ല. അയാൾ എനിക്ക് ഒരു ഗുണവും ചെയ്തിട്ടില്ല. നിയമപരമായിട്ടാണ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടത്. തെറ്റാണെങ്കിൽ അയാൾക്ക് കോടതിയിൽ പോകട്ടെ. എന്തിനാ വെറുതെ ഇങ്ങനെ പറഞ്ഞുനടക്കുന്നത്.

വൈകിട്ട് ഏഴു മണിക്കാണ് യൂണിയൻ പിരിച്ചുവിടുന്നതെന്ന് പറഞ്ഞു. പിരിച്ചുവിടേണ്ടി വന്നാൽ നിയമപരമായിത്തന്നെ പിരിച്ചുവിടും. അത് രാത്രിയിലാണെങ്കിലും പിരിച്ചുവിടും. എപ്പോഴാണോ ആ അവസ്ഥ ഉണ്ടാകുന്നത്, ഉടനെതന്നെ ആ താലൂക്കിന്റെ ഭരണസ്തംഭനത്തിന് ഇടവരാതിരിക്കാൻ രാത്രി തന്നെ പിരിച്ചു വിടും.

ആ പുള്ളി പറയുന്നത് എന്താണെന്നും പ്രവർത്തിക്കുന്നത് എന്താണെന്നും നിങ്ങൾ തന്നെ ആലോചിച്ചു നോക്കൂ. നിങ്ങൾക്ക് ധൈര്യമുണ്ടോ അങ്ങേരുടെ ചെയ്തികളെ വിമർശിക്കാൻ. എൻഎസ്എസ് പിടിക്കാനുള്ള നീക്കം ചിലർ പണ്ടേ തുടങ്ങിയതാണ്. എനിക്കത് കണ്ട അനുഭവമുണ്ട്. നേരത്തെ ജാഥ നടത്തിയ ഓരോരുത്തരുടെയും കൂടെ എത്ര പേരുണ്ടെന്ന് നമ്മൾ കണ്ടത​ല്ലേ. അതിനെയൊക്കെ നേരിടാനുള്ള കരുത്ത് നായർ സർവീസ് സൊസൈറ്റിക്കും എൻഎസ്എസിനെ സ്നേഹിക്കുന്ന നായന്മാർക്കും ഉണ്ട്, സംശയം വേണ്ട.

ഒരു കാര്യം ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് വിരുദ്ധമായിട്ട് എന്തെങ്കിലും ഒരു നിലപാട് എടുക്കുകയോ സംസാരിക്കുകയോ ഞാൻ ചെയ്തിട്ടില്ല. ഞാൻ പറഞ്ഞത് പറഞ്ഞിട്ടില്ല എന്ന് പറയുകയോ അല്ലെങ്കിൽ ക്ഷമ പറയുകയോ ഒന്നും ഉണ്ടായിട്ടില്ല. ഞാൻ വളരെ ആലോചിച്ചു കണ്ടേ പറയത്തുള്ളൂ. അതൊന്നും തിരിച്ചു വിഴുങ്ങേണ്ട ഒരു സാഹചര്യം ഒരിക്കലും ഉണ്ടായിട്ടില്ല’ -അദ്ദേഹം പറഞ്ഞു. 

Tags