മഞ്ജു വാര്യരുടെ അമ്മയുടെ പുസ്തകം പ്രകാശനം ചെയ്തു, മറക്കാനാകാത്ത ദിനമെന്ന് ഗിരിജ മാധവന്‍

 Manju Warrier Amma book released

കൊച്ചി: നടി മഞ്ജു വാര്യരുടെ അമ്മയും നര്‍ത്തകിയുമായ ഗിരിജ മാധവന്റെ പുസ്തകം പ്രകാശനം ചെയ്തു. ഗിരിജ മാധവന്‍ എഴുതിയ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ നിലാവെട്ടം ആണ് പ്രകാശനം ചെയ്തത്. സംവിധായകന്‍ സത്യന്‍ അന്തിക്കാട് എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തിക്ക് പുസ്തകം നല്‍കി പ്രകാശനം നിര്‍വഹിച്ചു. മഞ്ജു വാര്യരും സഹോദരന്‍ മധു വാര്യരും അമ്മയുടെ പുതിയ ചുവടുവെപ്പിന് സാക്ഷികളാകാന്‍ എത്തിയിരുന്നു. 

മറക്കാനാകാത്ത ദിനമെന്നാണ് ഇതേക്കുറിച്ച് ഗിരിജ മാധവന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 

2023 മാര്‍ച്ച് 15 ...
   എന്റെ ജീവിതത്തില്‍ മറക്കാനാവാത്ത ഒരു ദിവസം കൂടി..
   വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ പേനത്തുമ്പില്‍നിന്ന് അടര്‍ന്നുവീണ ഇത്തിരി വാക്കുകളില്‍ അച്ചടി മഷി പരന്നുകണ്ടപ്പോഴത്തെ അതേ ആനന്ദം അന്നും ഞാന്‍ അനുഭവിച്ചു. അത് പങ്കിടാനും, സാക്ഷിയാകാനും എന്റെ പ്രിയകൂട്ടുകാരി നിര്‍മ്മല എന്റെ മുന്നില്‍ത്തന്നെ ഉണ്ടായിരുന്നത്, എനിക്ക് വല്ലാത്തൊരു ആത്മവിശ്വാസമാണു തന്നുകൊണ്ടിരുന്നത്...

  പണ്ട്, ചാഞ്ഞും ചെരിഞ്ഞും, കമിഴ്ന്നുകിടന്നുമൊക്കെയുള്ള കുറേ കുസൃതിക്കുരുന്നുകളുടെ പടത്തിനുതാഴെ,''ബാലപംക്തി'' എന്ന കോളത്തിലായിരുന്നു എന്റെ ഏതൊക്കെയോ ചിന്തകള്‍ രൂപമെടുത്തത്. പിന്നീട്, അത് ചെറുകഥകളായി പുറത്തു വന്നപ്പോഴും കാഴ്ചക്കാരിയായി കൂട്ടുകാരി നിര്‍മ്മല കൂടെയുണ്ടായിരുന്നു.

    നിശ്ശബ്ദമായ നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം, ജീവിതത്തില്‍ ആദ്യമായി, ഒരു പുസ്തകത്തിന്റെ പ്രകാശനത്തിന്, അതും സ്വന്തം പുസ്തകത്തിന്റെ പ്രകാശനത്തിനു വേണ്ടി പാറമേക്കാവിലമ്മയുടെ സവിധത്തിലെത്തിയപ്പോള്‍, എന്റെ മനസ്സില്‍ ഒരായിരം മുഖങ്ങള്‍ തെളിഞ്ഞു വന്നു. ഞാന്‍ വീണ്ടും എഴുതിക്കാണാന്‍ മോഹിച്ച എന്റെ മാധേട്ടന്‍, വീണ്ടും എഴുതിത്തുടങ്ങാന്‍ പലതവണ പലര്‍ വഴിയും പ്രോല്‍സാഹിപ്പിച്ച കുട്ടേട്ടന്‍ എന്ന ശ്രീ അഷ്ടമൂര്‍ത്തി, ജോലിത്തിരക്കുകള്‍ക്കിടയിലും, ഞാന്‍ എഴുതി, അച്ചടിച്ചുവരുന്നതൊക്കെ വായിച്ച്, സ്‌നേഹപൂര്‍വ്വം അഭിപ്രായങ്ങള്‍ അറിയിക്കാറുള്ള സത്യേട്ടന്‍ എന്ന സത്യന്‍ അന്തിക്കാട്, പണ്ട് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചുവന്ന എന്റെ കഥകള്‍ക്കുവേണ്ടി, സാഹിത്യ അക്കാദമിയില്‍ തപ്പി കണ്ടെടുത്തുതന്ന മനീഷ, തിരുവില്വാമായിലെ, ഗ്രാമീണ വായനശാലയുടെ 75-ാം വാര്‍ഷികത്തിനോട് അനുബന്ധിച്ച്, മാതൃഭൂമിയില്‍ പണ്ട് പ്രസിദ്ധീകരിച്ച എന്റെ പഴയ കഥയിലെ കുറെ ഏടുകള്‍ കണ്ടെടുത്ത്, സമ്മാനിച്ച് അത്ഭുതപ്പെടുത്തിയഎന്റെ സുഹൃത്ത് കൂടിയായ ശ്രീ ജയപ്രകാശ് മാഷ്, പിന്നെ എനിക്ക് മാനസികമായി സന്തോഷം തരുന്ന കാര്യങ്ങളെല്ലാം ചെയ്യാന്‍ വേണ്ടി എല്ലാ പ്രോല്‍സാഹനങ്ങളും നല്‍കുന്ന എന്റെ കുട്ടികള്‍... അങ്ങനെ ഒരുപാടുപേര്‍....

 Manju Warrier Amma book released

   സദസ്സിലാണെങ്കില്‍, എപ്പോഴും നിറഞ്ഞ മനസ്സോടെ എല്ലാ കാര്യങ്ങളിലും ആത്മാര്‍ത്ഥമായി പ്രോല്‍സാഹനം തരുന്ന എന്റെ കഥകളി ആശാന്‍, ശ്രീ കലാനിലയം ഗോപി ആശാന്‍, മോഹിനിയാട്ടം ഗുരു, ശ്രീമതി സ്മിത അജിത്, ജീവനകലയിലൂടെ എന്തും നേരിടാന്‍ കരുത്തുപകര്‍ന്നുതന്ന ആര്‍ട് ഓഫ് ലിവിംഗ് ടീച്ചര്‍ രമച്ചേച്ചി... എല്ലാ നല്ല കാര്യങ്ങള്‍ക്കും ആദ്യവസാനം വഹിക്കുന്ന നന്ദന്‍, പിന്നെ മനസ്സില്‍ നന്മ മാത്രം സൂക്ഷിക്കുന്ന ലതി അടക്കമുള്ള എന്റെ ഒരുപാട് സുഹൃത്തുക്കള്‍, ബന്ധുക്കള്‍... ഇവരൊക്കെ എന്റെ മുന്നില്‍ എനിക്ക് ശക്തിയായി, ആത്മവിശ്വാസം പകര്‍ന്നുതന്നു... ഓരോ മുഖത്തേയും സ്‌നേഹം ഞാന്‍ വായിച്ചറിഞ്ഞു...
ഇത്തിരി വൈകിപ്പോയെങ്കിലും, എല്ലാര്‍ക്കും നന്ദി, ഒരുപാട്...

Share this story