മണ്ഡലകാല തീർഥാടനം ; ശബരിമല വെർച്വുൽ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതൽ
ശബരിമല മണ്ഡല മകരവിളക് തീർത്ഥാടന കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 രാവിലെ 10 മണിക്ക് ആരംഭിക്കും. സ്പോട്ട് ബുക്കിങ് ഉൾപ്പെടെ ഒരുദിവസം പരമാവധി എൺപതിനായിരം സ്വാമിമാർക്ക് ദർശനം നടത്താം. www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ദർശനത്തിനായുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്.
എരുമേലി കാനനപാത വഴി 3000 ഭക്തർക്ക് ദിവസവും ഓൺലൈൻ ടിക്കറ്റ് ലഭിക്കും. നിലയ്ക്കൽ - പമ്പ പാത വഴി അറുപതിനായിരം ഭക്തർക്കാണ് ഒരു ദിവസം വെർച്വൽ ക്യൂ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നത്. വണ്ടിപ്പെരിയാർ- സത്രം പാത വഴിയുള്ള ഓൺലൈൻ ബുക്കിംഗ് ദിവസേന 3000 ആണ്.
ഇത് കൂടാതെ നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ റിയൽ ടൈം സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളും ഉണ്ടാവും. നിലയ്ക്കൽ റിയൽ റിയൽ ടൈം ബുക്കിംഗ് കേന്ദ്രം വഴി പ്രതിദിനം 10000 ഭക്തർക്ക് പ്രവേശനം നൽകും. എരുമേലിയിലെയും വണ്ടിപ്പെരിയാർ സത്രത്തിലെയും റിയൽ ടൈം ബുക്കിംഗ് കേന്ദ്രങ്ങൾ വഴി പ്രതിദിനം 2000 വീതം ഭക്തർക്ക് പ്രവേശനം നൽകും. ഹൈക്കോടതി ഉത്തരവനുസരിച്ചാണ് പമ്പയിലെ റിയൽ ടൈം സ്പോട്ട് ബുക്കിംഗ് കേന്ദ്രം ഒഴിവാക്കിയത്.

.jpg)


