തൃശ്ശൂരിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍

google news
arrested

തൃശൂര്‍: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണമിടപാട് നടത്താന്‍ ശ്രമിച്ച കേസില്‍ ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശി ചൊവ്വല്ലൂര്‍ വീട്ടില്‍ ബിജു (48)വാണ് അറസ്റ്റിലായത്. കുന്നംകുളം അഞ്ഞൂര്‍കുന്ന് സ്വദേശി രജീഷിന്റെ പരാതിയിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. 

സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലെക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് ബിജു പരാതിക്കാരനായ രജീഷിനെ സമീപിച്ചത്. മറ്റൊരാളുമായുള്ള സാമ്പത്തിക ഇടപാടില്‍ രജീഷിന് 15 ലക്ഷത്തോളം രൂപ ലഭിക്കാനുണ്ട്. ഈ തുക നഷ്ടപരിഹാരം സഹിതം തിരികെ വാങ്ങിച്ചുനല്‍കാമെന്ന് പറഞ്ഞാണ് പ്രതി പരാതിക്കാരനെ സമീപിച്ചത്.

സംശയം തോന്നിയ പരാതിക്കാരന്‍ നടത്തിയ അന്വേഷണത്തില്‍ ഇദ്ദേഹം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനല്ലെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് കുന്നംകുളം പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് സ്‌നേഹം മൂത്ത് ഇയാള്‍ ഇതിനുമുമ്പും പോലീസ് ചമഞ്ഞ് പല വിക്രിയകളും ഒപ്പിച്ചിട്ടുണ്ട്. ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ ഇയാള്‍ റോഡിലിറങ്ങി പോലീസ് ഗൗരവത്തില്‍ ഗതാഗതം നിയന്ത്രിക്കാറുണ്ടന്നും പോലീസ് പറഞ്ഞു. ഭൂമി കച്ചവടക്കാരനായാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ യഥാര്‍ഥ റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഇയാള്‍ക്ക് യാതൊരു ബന്ധവുമില്ലന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍.

Tags