ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ച സംഭവം ; കട ബാധ്യതയെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്

jilson
jilson

വാട്ടര്‍ അതോറിറ്റി പമ്പ് ഓപ്പറേറ്ററായിരുന്ന ജില്‍സണ് സ്ഥലം ഇടപാട് നടത്തിയിരുന്നതില്‍ കടബാധ്യത ഉണ്ടായിരുന്നു.

കടബാധ്യതയെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. വയനാട് കേണിച്ചിറയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കേളമംഗലം സ്വദേശി ജില്‍സണാണ് ഭാര്യ ലിഷയെ കൊലപ്പെടുത്തിയത്. ആത്മഹത്യക്ക് ശ്രമിച്ച ജില്‍സണെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വാട്ടര്‍ അതോറിറ്റി പമ്പ് ഓപ്പറേറ്ററായിരുന്ന ജില്‍സണ് സ്ഥലം ഇടപാട് നടത്തിയിരുന്നതില്‍ കടബാധ്യത ഉണ്ടായിരുന്നു. ഒപ്പം ഭാര്യക്ക് ഉണ്ടായിരുന്ന അസുഖങ്ങളിലും മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നു. ഇതാണ് ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ലിഷയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തിന് അയച്ച ഓഡിയോ സന്ദേശത്തിലും വീട്ടില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യ കുറിപ്പിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 

ഇന്നലെ രാത്രിയാണ് ലിഷയെ ശ്വാസം മുട്ടിച്ച് ജില്‍സണ്‍ കൊലപ്പെടുത്തിയത്. പിന്നീട് ജില്‍സണ്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചെങ്കിലും കയര്‍ പൊട്ടിയതിനാല്‍ ശ്രമം ഉപേക്ഷിച്ചു. കീടനാശിനി കുടിച്ച് കൈ ഞരമ്പ് മുറിച്ച നിലയിലാണ് രാവിലെ അയല്‍ക്കാര്‍ ജില്‍സണെ കണ്ടെത്തിയത്. വീട്ടിലെ മറ്റൊരു മുറിയില്‍ ഇവരുടെ രണ്ട് കുട്ടികള്‍ ഉണ്ടായിരുന്നുവെങ്കിലും രാവിലെ അയല്‍ക്കാര്‍ വിളിച്ച് ഉണര്‍ത്തിയപ്പോള്‍ മാത്രമാണ് കുട്ടികള്‍ കാര്യം അറിഞ്ഞത്. കേണിച്ചിറ, ബത്തേരി, കമ്പക്കാട് പോലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

Tags