കാഞ്ഞിരപ്പള്ളിയിൽ റോഡില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ മാല പൊട്ടിച്ച പ്രതി പിടിയില്‍

d

സംഭവത്തെ തടയാൻ ശ്രമിച്ച കുട്ടിയുടെ അമ്മയെ പ്രതി തള്ളിയിട്ടതിനെ തുടർന്ന് കാലിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്

കാഞ്ഞിരപ്പള്ളി: റോഡില്‍ സൈക്കിള്‍ ചവിട്ടി കളിച്ചുകൊണ്ടിരുന്ന 10 വയസുകാരന്റെ കഴുത്തില്‍ കിടന്ന സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ കേസിലെ പ്രതിയെ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

പത്തനംതിട്ട ചിറ്റാർ വില്ലേജിലെ മണക്കയം പുത്തൻപറമ്പില്‍ ഹൗസില്‍ ഷാജി തോമസ് (48) എന്ന അച്ചായി ഷാജിയാണ് പിടിയിലായത്.. സംഭവത്തെ തടയാൻ ശ്രമിച്ച കുട്ടിയുടെ അമ്മയെ പ്രതി തള്ളിയിട്ടതിനെ തുടർന്ന് കാലിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. റോഡില്‍ സൈക്കിള്‍ ചവിട്ടിക്കൊണ്ടിരുന്ന കുട്ടിയുടെ സമീപത്ത് നീല സ്‌കൂട്ടറില്‍ എത്തിയ പ്രതി ആദ്യം വിവരങ്ങള്‍ ചോദിച്ചറിയുകയും, കുട്ടിയുടെ കഴുത്തിലുള്ള മാല ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് കുറച്ച്‌ മുന്നോട്ട് പോയ ശേഷം തിരികെ എത്തി മാല വലിച്ച്‌ പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. 

കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലായി ഏകദേശം 25ഓളം മോഷണ കേസുകളില്‍ പ്രതിയായ വ്യക്തിയാണ് ഷാജി തോമസ്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കവർന്നെടുത്ത സ്വർണമാല കണ്ടെത്തുന്നതിനായുള്ള അന്വേഷണം തുടരുകയാണ്.

Tags