കണ്ണുമടച്ച് ബ്രേക്കിട്ട് മമ്മൂട്ടി; കാനയിലേക്ക് തെറിച്ചു വീണ പത്തുവയസ്സുകാരൻ ചിരിക്കുന്നു; നാല്പതു കൊല്ലം മുൻപത്തെ ആക്‌സിഡന്റ് ഓർത്ത് വി.കെ. ശ്രീരാമൻ

Mammootty slams on the brakes with his eyes closed; A ten-year-old boy who fell into a forest laughs; V.K. Sreeraman recalls an accident forty years ago

കോയമ്പത്തൂർ: നടൻ മമ്മൂട്ടിക്കൊപ്പമുള്ള യാത്രകളിൽ സംഭവിച്ച രസകരവും ഭയം നിറഞ്ഞതുമായ ഒരു പഴയകാല സംഭവം പങ്കുവെച്ച് സുഹൃത്തും നടനുമായ വി.കെ. ശ്രീരാമൻ. പവിത്രൻ സംവിധാനം ചെയ്ത 'ഉത്തരം' എന്ന സിനിമയുടെ ചിത്രീകരണം ഊട്ടിയിൽ നടക്കുന്ന സമയത്ത്, മമ്മൂട്ടിയുടെ പ്രശസ്തമായ 369-ാം നമ്പർ കോണ്ടസ്സ കാറിൽ യാത്ര ചെയ്യവേ ഉണ്ടായ കാറപകടത്തെക്കുറിച്ചാണ് ശ്രീരാമന്റെ കുറിപ്പ്.

മലയിറങ്ങി വരികയായിരുന്ന കാറിന് മുന്നിലേക്ക് ഒരു കോൺവെന്റ് സ്കൂളിന് മുന്നിൽ വെച്ച് ബസ്സിൽ കയറാനായി ഒരു പത്തുവയസ്സുകാരൻ പെട്ടെന്ന് റോഡ് മുറിച്ചുകടക്കുകയായിരുന്നു. കാർ കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയും കഠിനമായി ബ്രേക്ക് ചെയ്തപ്പോൾ മുൻസീറ്റിലിരുന്ന ശ്രീരാമന്റെ തല ഗ്ലാസിൽ ഇടിക്കുകയും ചെയ്തു. കാർ തല്ലിപ്പൊളിക്കാനും തങ്ങളെ കൈകാര്യം ചെയ്യാനും ആൾക്കൂട്ടം അക്രമാസക്തരായി എത്തുമെന്നാണ് ശ്രീരാമൻ കരുതിയത്.

എന്നാൽ അപകടസ്ഥലത്ത് നടന്നത് സിനിമാറ്റിക് ട്വിസ്റ്റായിരുന്നു. കാറിടിച്ച് റോഡരികിലെ കാനയിലേക്കും വള്ളിപ്പടർപ്പിലേക്കും തെറിച്ചുവീണ കുട്ടി പരിക്കുകളൊന്നുമില്ലാതെ പുഞ്ചിരിക്കുകയായിരുന്നു. ട്രൗസറിന്റെ പോക്കറ്റിൽ കുട്ടി രണ്ടു ക്രിക്കറ്റ് ബോളുകൾ കുത്തിനിറച്ചിരുന്ന സ്ഥലത്താണ് കാറിന്റെ ഇടിയേറ്റതെന്നും, അതുകൊണ്ടാണ് വലിയ അപകടം ഒഴിവായതെന്നും സ്കൂളിലെ സെക്യൂരിറ്റി ചീഫ് വ്യക്തമാക്കി. സിനിമയിലെ സ്റ്റണ്ട് സീൻ പോലെ അപകടത്തിൽ നിന്നും രക്ഷപ്പെട്ടതോടെ നാട്ടുകാർ മമ്മൂട്ടിക്ക് ഹസ്തദാനം നൽകി അഭിനന്ദിക്കുകയും ചെയ്തു.

അപകടത്തിന് ശേഷം തിരികെ കാറിൽ കയറിയപ്പോൾ "നീ പേടിച്ചു പോയോ?" എന്ന് മമ്മൂട്ടി ചോദിച്ചതായി ശ്രീരാമൻ ഓർക്കുന്നു. മമ്മൂട്ടിയെ ഒഴിവാക്കി ഡ്രൈവറുടെ ലുക്കുള്ള തനിക്കിട്ട് നാട്ടുകാർ പണി തരുമോ എന്ന പേടിയിലാണ് താൻ ഇരുന്നതെന്നും കോയമ്പത്തൂർ എത്തും വരെ ആൾക്കൂട്ടം പിന്നാലെ വരുന്നുണ്ടോ എന്ന് ഭയത്തോടെ നോക്കിക്കൊണ്ടാണ് യാത്ര ചെയ്തതെന്നും ശ്രീരാമൻ ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

Tags