മാലിന്യമുക്തം നവകേരളം; പഞ്ചായത്ത് സെക്രട്ടറിമാരുടെ പരിശീലന പരിപാടിക്ക് തുടക്കമായി

cds
cds

തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ രണ്ടാംഘട്ടത്തിന്‍റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് തുടക്കമായി. ക്യാമ്പയിനിന്‍റെ രണ്ടാംഘട്ടം ഫലപ്രദമായി നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥ സംവിധാനത്തെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആറു ദിവസങ്ങളില്‍ മൂന്നു ബാച്ചുകളിലായി നടത്തുന്ന പരിശീലന പരിപാടിയുടെ ആദ്യ ബാച്ചിന്‍റെ ഉദ്ഘാടനം തിരുവനന്തപുരം പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ തദ്ദേശസ്വയംഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ നിര്‍വഹിച്ചു.

ക്യാമ്പയിനിന്‍റെ ലക്ഷ്യങ്ങള്‍ നേടുന്നതിനായി കൂടുതല്‍ ഫലവത്തായ ഇടപെടലുകള്‍ പഞ്ചായത്തുകളുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്ന് ശാരദാ മുരളീധരന്‍ പറഞ്ഞു. ഇതിനായുള്ള  നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. വിവിധ സ്രോതസ്സുകളില്‍ നിന്ന് ഇതിനായി ലഭ്യമായ പണം പൂര്‍ണമായും മാലിന്യ സംസ്കരണ പദ്ധതികള്‍ക്കായി വിനിയോഗിക്കണം. മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണെന്നും അവര്‍ പറഞ്ഞു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി കര്‍ശന ശിക്ഷ ഉറപ്പുവരുത്തണം. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അതിലൂടെ അറുതി വരുത്തുവാന്‍ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള ആദ്യ ബാച്ചിലെ 330 പഞ്ചായത്ത് സെക്രട്ടറിമാര്‍ രണ്ടുദിവസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങില്‍ തദ്ദേശസ്വയംഭരണവകുപ്പ്  പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം ജി. രാജമാണിക്കം, പഞ്ചായത്ത് ഡയറക്ടര്‍ എച്ച്. ദിനേശന്‍, ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ ടി. ബാലഭാസ്കരന്‍, ക്ലീന്‍ കേരള കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ജി കെ. സുരേഷ് കുമാര്‍, കില ഡയറക്ടര്‍ ജനറല്‍ ജോയ് ഇളമണ്‍ എന്നിവര്‍ പങ്കെടുത്തു

Tags