മഹാരാഷ്ട്രയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു, മരിച്ചത് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി

murder

കൊലയാളി സംഘത്തിലെ രണ്ടുപേരെ മഹാരാഷ്ട്ര പൊലീസ് പിടികൂടി.

 മഹാരാഷ്ട്രയില്‍ മലയാളി യുവാവിനെ വെട്ടിക്കൊന്നു. ചെങ്ങന്നൂര്‍ സ്വദേശി വിഷ്ണു നായരാണ് കൊല്ലപ്പെട്ടത്. കൊലയാളി സംഘത്തിലെ രണ്ടുപേരെ മഹാരാഷ്ട്ര പൊലീസ് പിടികൂടി. വിഷ്ണു നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.
താനെയിലെ വര്‍തക് നഗറില്‍ ഞായറാഴ്ച പുലര്‍ച്ചെ ആണ് സംഭവം. പ്രദേശത്തെ മീന്‍ കച്ചവടക്കാരും പ്രാദേശിക ഗുണ്ടാ സംഘവും തമ്മില്‍ കഴിഞ്ഞ രാത്രിയില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇതില്‍ വിഷ്ണുവും സംഘവും ഇടപെട്ടതോടെ സംഘര്‍ഷമായി. ഗുണ്ടാ സംഘത്തിന്റെ തലവന്‍ പ്രകാശ് ടീഖെ, വിഷ്ണുവിനെതിരെ ഭീഷണി മുഴക്കിയിരുന്നു. പിന്നീട് ഈ വിഷയം പൊലീസ് എത്തി ഒത്തുതീര്‍പ്പാക്കി.

പുലര്‍ച്ചെ രണ്ടുമണിയോടെ വിഷ്ണു വീട്ടിലേക്ക് മടങ്ങുംവഴിയാണ് ആക്രമണം ഉണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വിഷ്ണുവിനെ ഗുണ്ടാ സംഘം പിന്നില്‍നിന്ന് വെട്ടിവീഴ്ത്തുകയായിരുന്നു. പ്രകാശ് ടിഖെ, സഹോദരന്‍ വിക്കി ടീഖെ, വിക്കി കരോട്ടിയ, സിദ്ധാര്‍ഥ് റോക്കഡെ, ഗണേഷ് ദ്വിവേ എന്നിവരടങ്ങിയ സംഘമാണ് വിഷ്ണുവിനെ ആക്രമിച്ചത്. പ്രകാശ് ആണ് വിഷ്ണുവിനെ കുത്തിയത്.
വയറിലും നെഞ്ചിലും കുത്തേറ്റ് രക്തം വാര്‍ന്നുകിടന്ന വിഷ്ണുവിനെ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. സംഭവശേഷം ഓടി രക്ഷപ്പെട്ട കൊലയാളി സംഘത്തിലെ മൂന്നുപേരെ പൊലീസ് പിടികൂടി. ഇതില്‍ ഒരാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വര്‍തക് നഗര്‍ പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.

31 വയസ്സുകാരനായ വിഷ്ണു അവിവാഹിതനാണ്. ചെങ്ങന്നൂര്‍ സ്വദേശി വേണുഗോപാല്‍ നായരാണ് പിതാവ്. മുപ്പത് വര്‍ഷത്തിലധികമായി താനെയില്‍ തന്നെയാണ് കുടുംബത്തിന്റെ താമസം.

Tags