മലയാളി യുവത ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായി മാറുന്നു: മന്ത്രി പി എ മുഹമ്മദ് റിയാസ്

google news
 Minister Muhammad Riyaz

മലയാളി യുവത ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായി മാറുകയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ടൂറിസം ക്ലബ്ബിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു മന്ത്രി. അവധിക്കു ശേഷം കോളജുകൾ വീണ്ടും തുറക്കാൻ പോകുന്ന സാഹചര്യത്തിൽ കൂടുതൽ ടൂറിസം ക്ലബ്ലുകൾ രൂപീകരിക്കാനും പ്രവർത്തിപ്പിക്കാനും  കഴിയണമെന്ന് മന്ത്രി പറഞ്ഞു.

ടൂറിസം മേഖലയിൽ വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്താനാണ് ടൂറിസം ക്ലബ് രൂപീകരിക്കുന്നത്. വിദ്യാർഥികളുടെ ആശയപരമായ സംഭാവനകളും , കർമ്മശേഷിയും ടൂറിസം വികസനത്തിൽ ഉൾപ്പെടുത്തി ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനം വിലയിരുത്തി പ്രവർത്തിക്കുക, ടൂറിസം മേഖലകളിൽ യുവത്വത്തെ ഇടപെടാൻ അവസരം നൽകി കേരള ടൂറിസത്തിന് ഉണർവ് സൃഷ്ടിക്കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ ടൂറിസം ക്ലബ്ബ് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങൾ എല്ലാം ശ്രദ്ധേയമായി മാറിയിരുന്നു.

ടൂറിസം കേന്ദ്രത്തിന്റെ പരിപാലനത്തിന്റെ ഭാഗമായി ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ നടത്തിയ പ്രവർത്തനങ്ങൾ ഇതിന് ഉദാഹരണമാണ്. മനോഹരമായ ചുവർ ചിത്രങ്ങൾ വരച്ചും, കേടുപാടുകൾ സംഭവിച്ച വൈദ്യുതി വിളക്കുകൾ അറ്റകുറ്റപണികൾ നടത്തി വൈദ്യുതീകരിച്ചും, വില്ലേജിന്റെ മുഖം തന്നെ മാറ്റിയ മാതൃകയായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.  ഓണാഘോഷത്തിൽ ഉൾപ്പെടെ ടൂറിസം ക്ലബ് അംഗങ്ങൾ പ്രധാന പങ്കാളിത്തം വഹിച്ചു. രാജ്യത്തിന് പുറത്തും ടൂറിസം ക്ലബിന് തുടക്കമിട്ടു.

www.tourismclubkerala.org എന്ന വെബ്സൈറ്റ് മുഖേനയാണ് ടൂറിസം ക്ലബ് ആരംഭിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത്. കേരളത്തിലുള്ള എല്ലാ വിഭാഗം കോളജുകൾക്കും അപേക്ഷിക്കാം. ഓരോ കോളജുകളും ഓരോ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ദത്ത് വില്ലേജുകളായി തിരഞ്ഞെടുക്കണം. നിലവിൽ 382 ടൂറിസം ക്ലബ്ബുകളിലായി 18,000 അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ടൂറിസം ക്ലബ്ബുകൾ കലാലയങ്ങളിൽ

പുതിയ വിനോദ സഞ്ചാര ട്രെൻഡുകൾക്ക് വഴിയൊരുക്കി വിദ്യാർത്ഥികളിൽ ടൂറിസത്തിൽ താല്പര്യം സൃഷ്ടിക്കും. പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്കിടയിൽ നിന്നും ഭാവിയിലെ ടൂറിസം പ്രൊഫഷണലുകളെ കണ്ടെത്താനും കഴിയും.

സമൂഹ മാധ്യങ്ങളിലൂടെ ടൂറിസം കേന്ദ്രങ്ങളുടെ പ്രചാരണത്തിന് ക്ലബ്ബുകളെ ഉപയോഗിക്കാൻ കഴിയും. വിദ്യാർത്ഥികൾക്കിടയിൽ നല്ല വ്ളോഗർമാരുണ്ട്, അവരിലൂടെ സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ കൂടുതൽ സഞ്ചാരികൾക്ക് മുന്നിൽ അവതരിപ്പിക്കാൻ സഹായിക്കും. ടൂറിസം മേഖലയിൽ വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ടൂറിസത്തിന്റെ വികസന സാധ്യതകളിലേക്ക് വഴിയൊരുക്കും.

വിദ്യാർത്ഥികൾക്ക് ടൂറിസം മേഖലയിലെ തൊഴിലുകൾക്കനുസൃതമായി അവരുടെ നൈപുണ്യം വളർത്തുവാൻ സാധിക്കും. ടൂറിസം മേഖലയിലൂടെ പുത്തൻ തൊഴിൽ സംരംഭകത്വ സാധ്യതകൾ സൃഷ്ടിക്കും. വിദ്യാർത്ഥികളുടെ ആശയപരമായ സംഭാവനകളും, കർമ്മശേഷിയും ടൂറിസം വികസനത്തിൽ ഉൾപ്പെടുത്തി ടൂറിസം കേ ന്ദ്രങ്ങളുടെ പരിപാലനം വിലയിരുത്തി പ്രവർത്തിക്കും. ഈ നിലയിൽ ജനകീയ ടൂറിസത്തിന്റെ അംബാസിഡർമാരായി നമ്മുടെ യുവത്വത്തെ മാറ്റും. മികച്ച ടൂറിസം സംസ്‌കാരം വളർത്തി എടുക്കാൻ ഇതിലൂടെ സാധിക്കും.

സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ടൂറിസം ക്ലബ്ബിനെ എത്തിക്കും. അതിലൂടെ ഒരു മുന്നേറ്റം നമുക്ക് സാധ്യമാക്കാനാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അടുത്ത ടൂറിസം സീസൺ മുൻപ് നമ്മുടെ ഡെസ്റ്റിനേഷനുകൾ എല്ലാം കൃത്യമായി പരിപാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കണം ഇന്ന് മുതൽ അതിനുള്ള പ്രവർത്തനം ആണ്. ഓരോരുത്തരും ടൂറിസം അംബാസിഡറായിമാറി ടൂറിസം ക്ലബ്ബുകളെ വിജയിപ്പി ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ടൂറിസം ക്ലബ്ബ് സംഘടിപ്പിച്ച 'ഫീൽ ഇറ്റ് റീൽ ഇറ്റ്' റീൽസ് മത്സര വിജയികൾക്കുള്ള അവാർഡുകളും മന്ത്രി വിതരണം ചെയ്തു. കോഴിക്കോട് സ്വദേശി അസ്ലിം എൻ, തിരുവനന്തപുരം സ്വദേശി വൈശാഖ് എൽ എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയത്.

കെടിഡിസി ഗ്രാൻഡ് ചൈത്രം ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ ടൂറിസം ഡയറക്ടർ പി ബി നൂഹ്, അഡീഷണൽ ഡയറക്ടർ പ്രേംകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Tags