പുതിയ പരാദ കടന്നലിനെ കണ്ടെത്തി ഗവേഷക സംഘം; സംഘത്തിൽ കണ്ണൂർ സ്വദേശിനിയായ വിദ്യാർഥിനിയും മലയാളി അധ്യാപികയും..
കണ്ണൂർ: ഇന്ത്യയിൽ നിന്നും ഡയപ്രിഡെ കുടുംബത്തിലെ പുതിയ ജീനസിൽപ്പെട്ട പരാദ കടന്നലിനെ (parasitoid wasp) കണ്ടെത്തി കൊൽക്കത്ത സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ എന്റമോളജി ഗവേഷണ വിഭാഗത്തിലെ ഗവേഷക സംഘം. കണ്ണൂർ തളിപ്പറമ്പിനടുത്ത് പുളിപ്പറമ്പ സ്വദേശിനിയും കൊൽക്കത്ത സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷകയുമായ പി.വി. തീർത്ഥയും കോഴിക്കോട് സ്വദേശിനിയായ സീനിയർ സയന്റിസ്‌റ്റ് ഡോ. കെ. രാജ്മോഹനയും അടങ്ങിയ ഗവേഷണ സംഘമാണ് പുതിയ പരാദ കടന്നലിനെ കണ്ടെത്തിയത്. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, പൂനെയിലെ സയന്റിസ്റ് ഡോ. കെ. പി. ദിനേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനാസ്പദമായ മോളിക്യുലാർ പഠനങ്ങൾ നടത്തിയിരിക്കുന്നത്.
tRootC1469263">പുതിയ ജീനസിന് ഇൻഡോപ്രിയ എന്നും സ്പീഷീസിനു ഇൻഡോപ്രിയ ആൻഗുലേറ്റ (Indopria angulata) എന്നുമാണ് നാമകരണം ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ 75ആമത് സ്വാതന്ത്ര്യദിനാഘോഷത്തിനോടനുബന്ധിച്ച് (സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം) പ്രസിദ്ധീകരിക്കാനിരുന്നതിനാൽ “ഇൻഡോ” എന്നും ചെറിയ ഇനം കടന്നലുകളെ ലാറ്റിനിൽ വിശേഷിപ്പിക്കുന്ന “പ്രിയ” എന്ന വാക്കും കൂട്ടിച്ചേർത്താണ് ജീനസിന് ഇൻഡോപ്രിയ എന്ന പേര് നൽകിയത്.
എന്നാൽ ഇവയുടെ ചിറകുകളുടെ സവിശേഷതയെ അടിസ്ഥാനപ്പെടുത്തിയാണ് സ്പീഷീസിന് “ആൻഗുലേറ്റ” എന്നും നൽകിയിരിക്കുന്നത്. പ്രാഥമിക പഠനത്തിന്റെ അടിസ്ഥാനത്തിൽ ഒഡീഷയിലും, പശ്ചിമ ബംഗാളിലും കൂടാതെ ആൻഡമാൻ ദ്വീപുകളിൽ നിന്നുമാണ് ഇവയെ കണ്ടത്തിയിരിക്കുന്നത്. അന്താരാഷ്ട്ര ശാസ്ത്ര വിജ്ഞാനപത്രമായ “ബയോളജിയ”യിലാണ് ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2 പതിറ്റാണ്ടിനു ശേഷമാണ് ഇന്ത്യയിൽനിന്ന് ഈ വിഭാഗത്തിൽ പുതിയ ഇനത്തെ കണ്ടെത്തുന്നത്.

ഡയപ്രിഡെ കുടുംബത്തിൽപ്പെട്ട ഈ കുഞ്ഞന്മാർ കൂടുതലും വിവിധ വിഭാഗത്തിൽപെട്ട ഈച്ചകളുടെ, ലാർവയുടെയോ പ്യൂപ്പയുടെയോ ഉള്ളിൽ മുട്ടയിട്ട് അവയെ ഭക്ഷിച്ചാണ് പൂർണ്ണവളർച്ചയെത്തി പുറത്തേക്ക് വരുന്നത്. അങ്ങനെ ഈച്ചകളുടെ പ്രകൃത്യായുള്ള നിയന്ത്രണം ഉറപ്പുവരുത്തുകയും, ഇത്തരത്തിൽ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ നിലനിർത്തുകയും ചെയ്യുന്നു. ഇന്ത്യയിൽ നിന്നും ഈ കുടുംബത്തിൽപ്പെട്ട നൂറോളം കടന്നലുകളെ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ.
യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്റെ(യുജിസി) ഫെല്ലോഷിപ്പ് ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്. ഡോ. കെ. രാജ്മോഹനയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഈയടുത്തായി സെലിയോണിഡെ കുടുംബത്തിൽപെട്ട മൂന്ന് പുതിയ ഇനം പരാദ കടന്നലുകളെകൂടി കണ്ടെത്തിയിട്ടുണ്ട്. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ എന്റമോളജി ഗവേഷണ കേന്ദ്രത്തിൽ ഇത്തരം ജീവികളുടെ ഗവേഷണത്തിനായി പ്രത്യേക ഊന്നൽ നൽകുന്നുണ്ട്.
.jpg)


