നിരോധിച്ച മരുന്നുകളാണെന്ന സംശയം: സൗദിയിൽ കസ്റ്റഡിയിലായ മലയാളി നഴ്സിനെ വിട്ടയച്ചു
റിയാദ്: രാജ്യത്ത് നിരോധനമുള്ള മരുന്നുകൾ കൈവശം വെച്ചെന്നാരോപിച്ച് ജിദ്ദ വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്ത മലയാളി നഴ്സിനെ സൗദി അധികൃതർ വിട്ടയച്ചു. വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവി–ശെൽവി ദമ്പതികളുടെ മകൾ ഫിലോമിനയാണ് കസ്റ്റഡിയിൽ നിന്ന് മോചിതയായത്. പിടിച്ചെടുത്ത മരുന്നുകൾ ലഹരിമരുന്നിന്റെ ഗണത്തിൽപ്പെടുന്നതല്ലെന്നും ചികിത്സാ ആവശ്യങ്ങൾക്കുള്ളതാണെന്നും ലാബ് പരിശോധനയിൽ തെളിഞ്ഞതോടെയാണ് നടപടി. റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയിലെ നഴ്സാണ് ഫിലോമിന.
നാട്ടിൽ വാർഷികാവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കാനായി ഈ മാസം 10-നാണ് ഫിലോമിന സൗദിയിലേക്ക് തിരിച്ചത്. ബെംഗളൂരുവിൽ നിന്ന് ജിദ്ദ വഴി റിയാദിലേക്ക് പോകുന്ന കണക്ഷൻ ഫ്ലൈറ്റിലായിരുന്നു യാത്ര. ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ ലഗേജ് പരിശോധനയിൽ ബാഗിൽ ചില മരുന്നുകൾ കണ്ടെത്തുകയും തുടർന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
പിന്നീട് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെയും (SFDA) നാർക്കോട്ടിക്സ് കൺട്രോൾ ഡയറക്ടറേറ്റിന്റെയും നേതൃത്വത്തിൽ മരുന്നുകൾ വിശദമായ ലാബ് പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനാ ഫലത്തിൽ ലഹരിമരുന്നല്ലെന്ന് ശാസ്ത്രീയമായി സ്ഥിരീകരിച്ചതോടെ തുടർനടപടികൾ അവസാനിപ്പിച്ച് അധികൃതർ ഫിലോമിനയെ സുരക്ഷിതമായി വിട്ടയച്ചു.
.jpg)


