ഇടുക്കിയിൽ ആശങ്ക സൃഷ്ടിച്ച് മലമ്പനി വ്യാപനം ; ഈ വർഷം 310 പേർക്ക് രോഗബാധ
ഇടുക്കി: ജില്ലയിൽ അതിഥി തൊഴിലാളികൾക്ക് പുറമെ തദ്ദേശീയരായ ആളുകൾക്കും മലമ്പനി സ്ഥിരീകരിക്കുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നു. സംസ്ഥാനത്തുനിന്ന് മുൻപ് തുടച്ചുനീക്കപ്പെട്ട ഈ രോഗം ഇടുക്കിയിൽ വീണ്ടും പടരുകയാണ്. ഈ വർഷം ഇതുവരെ തദ്ദേശീയരായ രണ്ടുപേർ ഉൾപ്പെടെ 310 പേർക്കാണ് ജില്ലയിൽ മലമ്പനി പിടിപെട്ടത്. കഴിഞ്ഞ വർഷം ഇത് 400 ആയിരുന്നു.
രോഗബാധിതരിൽ 80 ശതമാനത്തിലധികവും ഝാർഖണ്ഡിലെ സിംഗ്ബും, ഗോഡ ജില്ലകളിൽ നിന്ന് ഇടുക്കിയിലെ തോട്ടം മേഖലകളിലേക്ക് എത്തിയ അതിഥി തൊഴിലാളികളാണ്. തിരഞ്ഞെടുപ്പിന് ശേഷം ഇവരുടെ ഒഴുക്ക് ഇരട്ടിയായിട്ടുണ്ട്. പൂപ്പാറ, കട്ടപ്പന തുടങ്ങിയ മേഖലകളിൽ ആഴ്ചതോറും നൂറുകണക്കിന് തൊഴിലാളികളാണ് എത്തുന്നത്. കഴിഞ്ഞ ദിവസം കാഞ്ചിയാറിൽ മരിച്ച ഝാർഖണ്ഡ് സ്വദേശിനിക്കൊപ്പം താമസിച്ചിരുന്നയാൾക്കും മലമ്പനി സ്ഥിരീകരിച്ചു. ഇയാൾ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് വയസ്സുകാരി ഉൾപ്പെടെ എട്ട് പേർക്കാണ് കാഞ്ചിയാറിൽ മാത്രം രോഗം സ്ഥിരീകരിച്ചത്.
മൂന്നാർ, ദേവികുളം പഞ്ചായത്തുകളിലും രോഗികളുടെ എണ്ണം കൂടുതലാണ്. രോഗം സ്ഥിരീകരിച്ചവർ കൃത്യമായി ചികിത്സ പൂർത്തിയാക്കാതെ വിവരം മറച്ചുവെച്ച് മറ്റ് തോട്ടങ്ങളിലേക്ക് മാറുന്നത് രോഗവ്യാപനത്തിന് വഴിവെക്കുന്നു. തോട്ടമുടമകളും ഏജന്റുമാരും അതിഥി തൊഴിലാളികളുടെ കൃത്യമായ വിവരങ്ങൾ നൽകാൻ തയ്യാറാകാത്തത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പോലീസിന് കത്ത് നൽകുമെന്ന് അധികൃതർ അറിയിച്ചു. തൊഴിൽ വകുപ്പിന്റെ പക്കലും ഇവരുടെ കൃത്യമായ കണക്കുകളില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്. നിലവിൽ രോഗം കണ്ടെത്തിയ മേഖലകളിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
.jpg)

