മലപ്പുറം ജില്ല വിഭജിക്കണം, പുതിയ ജില്ല രൂപീകരിക്കണം ; ആവശ്യവുമായി യൂത്ത് ലീഗ്
മലപ്പുറം : മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി വീണ്ടും മുസ്ലിം യൂത്ത് ലീഗ്. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. തിരൂർ, പൊന്നാനി, തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകൾ ഉൾപ്പെടുത്തി ‘തിരൂരങ്ങാടി’ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണം. ഏറനാട്, പെരിന്തൽമണ്ണ, നിലമ്പൂർ താലൂക്കുകൾ നിലനിർത്തിക്കൊണ്ട് മലപ്പുറം നഗരം ആസ്ഥാനമായി തന്നെ ‘മലപ്പുറം’ ജില്ല തുടരണം.
ജനസംഖ്യാടിസ്ഥാനത്തിൽ വലിയ ജില്ലകളെ വിഭജിക്കുന്നത് സേവനങ്ങളും ഭരണവും കൂടുതൽ കാര്യക്ഷമമാക്കാൻ അത്യാവശ്യമാണെന്ന് യൂത്ത് ലീഗ് ചൂണ്ടിക്കാട്ടുന്നു. യൂത്ത് ലീഗ് ഇത്തരമൊരു പ്രമേയം അവതരിപ്പിച്ചെങ്കിലും മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ ഔദ്യോഗികമായ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല. വരും ദിവസങ്ങളിൽ പാർട്ടി ഉന്നതാധികാര സമിതി വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാവുകയാണ്.
.jpg)

