മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു
മലപ്പുറം: സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പാമ്പുകടിയേറ്റുള്ള അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർദ്ധിക്കുന്നു. മലപ്പുറം മൂത്തേടത്ത് പശുവിന് പുല്ലരിയുന്നതിനിടെ ചെമ്മന്തിട്ട സ്വദേശി സനീഷിന് പാമ്പുകടിയേറ്റതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇദ്ദേഹത്തെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന കുട്ടികളടക്കം അഞ്ചുപേർ പാമ്പുകടിയേറ്റ് മരിച്ചത് ഗൗരവകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. കഠിനമായ ചൂടിൽ നിന്ന് രക്ഷനേടാൻ പാമ്പുകൾ തണുപ്പ് തേടി ജനവാസ മേഖലകളിലേക്കും വീടുകൾക്കുള്ളിലേക്കും എത്തുന്നതാണ് അപകടങ്ങൾ കൂടാൻ കാരണം.
കേരളത്തിൽ നൂറിലധികം ഇനം പാമ്പുകളുണ്ടെങ്കിലും പ്രധാനമായും നാല് ഇനങ്ങളാണ് മനുഷ്യജീവന് ഭീഷണിയാകുന്നത്. മൂർഖൻ, വെള്ളിക്കെട്ടൻ (ശംഖുവരയൻ) എന്നിവ നാഡീവ്യൂഹത്തെ ബാധിക്കുമ്പോൾ, അണലി, ചുരുട്ട മണ്ഡലി എന്നിവ രക്തമണ്ഡലത്തെയാണ് ബാധിക്കുന്നത്. കണ്ണ് തുറക്കാൻ ബുദ്ധിമുട്ട്, ശ്വാസതടസ്സം, കടിയേറ്റ ഭാഗത്തെ കഠിനമായ വീക്കം, രക്തസ്രാവം എന്നിവ വിഷബാധയുടെ ലക്ഷണങ്ങളാണ്. ശ്വാസകോശ പേശികളുടെ പ്രവർത്തനം നിലയ്ക്കുന്നതാണ് പലപ്പോഴും മരണകാരണമാകുന്നത്.
.jpg)

