മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ; സാമ്പിൾ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കയച്ചു


മലപ്പുറം : ജില്ലയിലെ തിരുവാലി ഗ്രാമപഞ്ചായത്തില്‍ വവ്വാലുകൾ കൂട്ടത്തോടെ ചത്തു. പൂന്തോട്ടത്തിലെ കാഞ്ഞിരമരത്തിൽ തമ്പടിച്ചവയിൽ 15 വവ്വാലുകളാണ് കഴിഞ്ഞ ദിവസം ചത്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെ സമീപവാസികളാണ് ചത്ത വവ്വാലുകളെ കണ്ടത്. തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ രാമൻകുട്ടിയുടെ നിർദേശപ്രകാരം വനപാലകരും വനംവകുപ്പിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.
കൂടുതൽ വിവരങ്ങൾക്കായി സാമ്പിളുകൾ പൂനെയിലേക്ക് വിദഗ്‌ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അധികം പ്രായമാകാത്ത വവ്വാലുകളാണ് ചത്തത്. വനം വകുപ്പ് അധികൃതരുടെ നിർദേശപ്രകാരം ചത്ത വവ്വാലുകളെ കുഴിച്ചുമൂടി. കഴിഞ്ഞ ഒക്ടോബറിൽ തിരുവാലി പഞ്ചായത്തിലെ നിപ ബാധിച്ച നടുവത്ത് സ്വദേശി മരണപ്പെട്ടിരുന്നു. പ്രദേശത്ത് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. വവ്വാലുകള്‍ കൂട്ടത്തോടെ ചത്തതിന് പിന്നാലെ പ്രദേശത്തെ ജനങ്ങളില്‍ ആശങ്ക പരത്തി.
എന്നാല്‍, ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും തിരുവാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വ്യക്തമാക്കി. "പഞ്ചായത്തിലെ 13ാം വാര്‍ഡിലെ വവ്വാലുകളാണ് കഴിഞ്ഞ ദിവസം കൂട്ടത്തോടെ ചത്തത്. ഇതിന്‍റെ കാരണം വ്യക്തമല്ല. ഈ വിഷയം ബന്ധപ്പെട്ടവരെ അറിയിച്ചു. മലപ്പുറം ഡിഎംഒ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സാമ്പിളുകള്‍ പൂനെയിലേക്ക് പരിശോധനയ്‌ക്ക് അയച്ചു" എന്ന് പ്രസിഡന്‍റ് വ്യക്തമാക്കി. രണ്ട് വവ്വാലുകള്‍ കൂടി പിന്നീട് ചത്തതായും അദ്ദേഹം പറഞ്ഞു.

അതേസമയം, കനത്ത ചൂടാകാം വവ്വാലുകള്‍ കൂട്ടത്തോടെ ചാകാൻ ഇടയാക്കിയതെന്ന് അധികൃതര്‍ സംശയിക്കുന്നു. എന്നിരുന്നാലും, പ്രദേശത്ത് ആര്‍ക്കെങ്കിലും പനി, തലകറക്കം, തലവേദന ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും ജാഗ്രത മതിയെന്നും പഞ്ചായത്ത് പ്രസിഡന്‍റ് രാമൻകുട്ടി വ്യക്തമാക്കി