മലപ്പുറത്ത് ജ്വല്ലറിയില്‍ ഗൂഗിള്‍ പേ വഴി പണം നല്‍കിയെന്ന് വ്യാജ സന്ദേശം കാണിച്ച് സ്വര്‍ണവുമായി യുവാവ് മുങ്ങി

fraud case

സെപ്റ്റംബര്‍ 21 തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.

ജ്വല്ലറിയില്‍ ഓണ്‍ലൈനായി പണം ട്രാന്‍സ്ഫര്‍ ചെയ്‌തെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണാഭരണങ്ങളുമായി യുവാവ് കടന്നുകളഞ്ഞു. പുളിക്കല്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ബഹ്റൈന്‍ ജ്വല്ലറിയിലാണ് വ്യാജ പേയ്‌മെന്റ് ആപ്പ് ഉപയോഗിച്ചുള്ള തട്ടിപ്പ് നടന്നത്. സെപ്റ്റംബര്‍ 21 തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.
ജ്വല്ലറിയിലെത്തി സ്വര്‍ണാഭരണങ്ങള്‍ തെരഞ്ഞെടുത്ത ശേഷം, ബില്‍ തുക ഗൂഗിള്‍ പേ വഴി വിജയകരമായി അയച്ചെന്ന തരത്തിലുള്ള വ്യാജ സന്ദേശം മൊബൈല്‍ സ്‌ക്രീനില്‍ കാണിച്ച് ഇയാള്‍ ജീവനക്കാരെ വിശ്വസിപ്പിക്കുകയായിരുന്നു. എന്നാല്‍ വ്യാപാരിയുടെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ആയിട്ടില്ലെന്ന് മനസ്സിലാക്കി ജീവനക്കാര്‍ പരിശോധിക്കുന്നതിനും തൊട്ടുമുമ്പ് തന്നെ പ്രതി സ്വര്‍ണവുമായി കടന്നുകളഞ്ഞു.

പ്രതി നിലവില്‍ കൊണ്ടോട്ടിയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് താമസിക്കുന്നതെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. മുന്‍പും കൊണ്ടോട്ടിയിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ സമാനമായ രീതിയില്‍ വ്യാജ പേയ്‌മെന്റ് സക്രീന്‍ഷോട്ടുകള്‍ കാണിച്ച് ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുള്ളതായി വിവരമുണ്ട്. സംഭവത്തില്‍ ജ്വല്ലറി ഉടമകള്‍ പോലീസില്‍ പരാതി നല്‍കി.

ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ബാങ്ക് അക്കൗണ്ടില്‍ പണം ക്രെഡിറ്റ് ആയോ എന്ന് പൂര്‍ണമായും ഉറപ്പുവരുത്തിയ ശേഷം മാത്രം ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ കൈമാറണമെന്നും, വ്യാജ പേയ്‌മെന്റ് ആപ്പുകള്‍ ഉപയോഗിക്കുന്ന തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

Tags