മലപ്പുറത്ത് ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം
മലപ്പുറം: കോട്ടക്കൽ ഈസ്റ്റ് വില്ലൂരിൽ വീട്ടിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. അപകടത്തിൽ ഇലക്ട്രിക് സ്കൂട്ടർ പൂർണ്ണമായും സമീപത്ത് നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾ ഭാഗികമായും കത്തിനശിച്ചു. കൂടെ വീടിനും നിസ്സാര കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ചാർജിങ്ങിനിടെയുണ്ടായ ഷോർട്ട് സർക്യൂട്ടാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക സംശയം. എന്നാൽ, വിദഗ്ധരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പരിശോധനയ്ക്ക് ശേഷമേ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് അധികൃതർ വ്യക്തമാക്കി.
വീടിന്റെ പോർച്ചിൽ വെച്ച് ചാർജ് ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടാവുകയും തീ തൊട്ടടുത്തുണ്ടായിരുന്ന വാഹനങ്ങളിലേക്ക് വേഗത്തിൽ പടരുകയും ചെയ്തത്. ശബ്ദവും പുകയും കണ്ട ഉടൻ നാട്ടുകാരും സമീപവാസികളും ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചതിനാലാണ് തീ വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാതെ വലിയ ദുരന്തം ഒഴിവായത്. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.jpg)

