വീട് വിട്ടിറങ്ങിയ കുടുംബം എവിടെ? മലപ്പുറത്ത് കണ്ടെത്തിയത് ഉപേക്ഷിച്ച പിക്കപ്പ് വാന്‍ മാത്രം
പാലക്കാട്: വാണിയംകുളത്തുനിന്ന് കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ചതെന്ന് കരുതുന്ന പിക്കപ്പ് വാന്‍ മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് കണ്ടെത്തി. വഴിക്കടവ് ചുരത്തിലാണ് വണ്ടി ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടത്. കാണാതായി അഞ്ചുദിവസം പിന്നിടുമ്പോഴും ഇതില്‍ യാത്ര ചെയ്ത കുടുംബത്തെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. കാണാതായ മൂവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്. ഫോണുകളുടെ അവസാന ടവര്‍ ലൊക്കേഷന്‍ വീടിന് സമീപത്താണ് ലഭിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വാണിയംകുളം കൃഷ്ണകൃപ വീട്ടില്‍ ബാബു ഭാസ്‌കര്‍ (68), ഭാര്യ രമാദേവി (65), മകന്‍ വിഷ്ണു (32) എന്നിവരെ കാണാതായത്. വീട്ടില്‍ നിന്നും വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്നും പിക്കപ്പ് വാഹനം പോകുന്നതിന്റെ ദൃശ്യങ്ങള്‍ അയല്‍വീട്ടിലെ സി.സി.ടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് സി.സി.ടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പിക്കപ്പ് വാഹനം ചെര്‍പ്പുളശേരി വഴി ജില്ല വിട്ടതായി സൂചന കിട്ടി. ഇതിനു പിന്നാലെയാണ് വഴിക്കടവില്‍ വണ്ടി കണ്ടെത്തിയത്.
ഷൊര്‍ണൂര്‍, വഴിക്കടവ് പോലീസിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന തുടരുകയാണ്. കാണാതായ കുടുംബത്തിന് രണ്ട് പിക്കപ്പ് വാഹനങ്ങളാണുള്ളത്. ഇതിലൊന്ന് വീട്ടില്‍ തന്നെ നിര്‍ത്തിയിട്ടിട്ടുണ്ട്. ബന്ധുവീട്ടിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകും, ക്ഷേത്രദര്‍ശനത്തിന് പോവും, ആശുപത്രിയിക്ക് പോവും എന്നിങ്ങനെ വിവിധ കാരണങ്ങള്‍ പ്രദേശവാസികളോട് പറഞ്ഞിരുന്നു. എന്നാല്‍ ബന്ധുവീടുകളില്‍ അത്തരമൊരു ചടങ്ങ് നടന്നിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.
.jpg)

