രാത്രിയില്‍ മീന്‍ വാരാനെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ; മൃതദേഹം ചാക്കില്‍ കെട്ടി നങ്കൂരത്തില്‍ താഴ്ത്തി ; തിരൂരില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് ക്രൂരമായി
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ആണ് തിരൂര്‍ പുഴയിലെ പടിഞ്ഞാറേക്കര ജെട്ടി വൈനില്‍നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
തിരൂരില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയ (37) ആണ് ഭര്‍ത്താവായ ഹുസൈന്റെ ക്രൂരകൃത്യത്തിന് ഇരയായത്. രാത്രിയില്‍ മീന്‍ വാരാനെന്ന് പറഞ്ഞ് ഫൗസിയയെ വീട്ടില്‍നിന്ന് കൊണ്ടുപോയ ഹുസൈന്‍, കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ചാക്കില്‍ കെട്ടി നങ്കൂരത്തില്‍ താഴ്ത്തി. സംഭവത്തിന് പിന്നാലെ പ്രതി ഹുസൈനെ തിരൂര്‍ പൊലീസ് ബസില്‍നിന്ന് പിടികൂടി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ആണ് തിരൂര്‍ പുഴയിലെ പടിഞ്ഞാറേക്കര ജെട്ടി വൈനില്‍നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. രാത്രിയോടെ മൃതദേഹം കാണാതായ ഫൗസിയയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ ശനിയാഴ്ച രാവിലെ തിരൂര്‍ പൂക്കയില്‍ വെച്ച് ബസില്‍ നിന്നാണ് ഹുസൈനെ പിടികൂടിയത്. സ്റ്റേഷനില്‍ എത്തിച്ച ശേഷം നടത്തിയ ചോദ്യംചെയ്യലില്‍ ഹുസൈന്‍ കുറ്റം സമ്മതിച്ചു.
ദമ്പതികള്‍ തമ്മില്‍ വാക്കുതര്‍ക്കം പതിവായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഫൗസിയ ഇടയ്ക്ക് വീട്ടുജോലിക്ക് പോകാറുണ്ടായിരുന്നു. ഇതേച്ചൊല്ലിയായിരുന്നു ഇരുവരും തമ്മിലുള്ള തര്‍ക്കം. താന്‍ പറയുന്നത് കേള്‍ക്കാതെ ഫൗസിയ ജോലിക്ക് പോകുന്നതില്‍ ഹുസൈന് കടുത്ത പകയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ബുധനാഴ്ച ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായി. പിറ്റേദിവസം അര്‍ധരാത്രി മീന്‍ വാരാനെന്ന് പറഞ്ഞ് ഫൗസിയയെ ഹുസൈന്‍ വീട്ടില്‍നിന്ന് കൊണ്ടുപോയി. പിന്നീട് ദമ്പതികള്‍ തിരിച്ചെത്തിയില്ല. ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. അന്വേഷണം നടക്കുന്നതിനിടെ, പടിഞ്ഞാറേക്കര ജെട്ടി വൈനില്‍നിന്ന് യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെടുത്തു. മത്സ്യബന്ധനത്തിന് പോകാനായി തയ്യാറെടുക്കവെ തൊഴിലാളികള്‍ നങ്കൂരം വലിച്ചെടുക്കുന്നതിനിടെ മറ്റൊരു നങ്കൂരം കയറില്‍ കുടുങ്ങി. ഇത് വലിച്ചെടുത്തപ്പോള്‍ കിട്ടിയ ചാക്ക് പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ തിരൂര്‍ പൊലീസ്, ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
.jpg)

