വിവാദ യൂട്യൂബർ ശാന്തിവിള ദിനേശിനെതിരെ നിയമനടപടിയുമായി മേജർ രവി; വിരമിച്ച സൈനികരെ അധിക്ഷേപിച്ചതായി പരാതി
തിരുവനന്തപുരം: വിവാദ യൂട്യൂബർ ശാന്തിവിള ദിനേശിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകനും മുൻ സൈനികനുമായ മേജർ രവി. യൂട്യൂബ് ചാനൽ അഭിമുഖത്തിൽ തനിക്കെതിരെ വ്യക്തിപരമായും വിരമിച്ച സൈനികരെ അധിക്ഷേപിച്ചും അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മേജർ രവി ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിയിച്ചു. വിരമിച്ച പട്ടാളക്കാർക്ക് 'പട്ടികളുടെ വിലയാണെ'ന്ന തരത്തിലുള്ള അധിക്ഷേപത്തിനെതിരെ എക്‌സ് സർവീസ് മെൻ സംഘടനയായ 'അനന്തപുരി സോൾജിയേഴ്‌സ്' മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ഈ പരാതി തുടർനടപടികൾക്കായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറി. വിവിധ ജില്ലകളിലെയും മറ്റു സംസ്ഥാനങ്ങളിലെയും പൂർവസൈനിക സംഘടനകൾ വരുംദിവസങ്ങളിൽ കേസുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദാവൂദ് ഇബ്രാഹിമിനെ വധിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന തന്റെ മുൻ പ്രസ്താവനയെ പരിഹസിച്ചവർക്കും മേജർ രവി ഫെയ്‌സ്ബുക്ക് ലൈവിൽ മറുപടി നൽകി. രാജ്യദ്രോഹപരമായ കാര്യങ്ങളല്ല, മറിച്ച് രാജ്യത്തിന്റെ ശത്രുവിനെ വധിക്കുന്ന കാര്യമാണ് താൻ പറഞ്ഞതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. വിരമിച്ച സൈനികരെ ഇത്തരം രഹസ്യ ഓപ്പറേഷനുകൾക്കായി ഉപയോഗിക്കാറുണ്ടെന്നതിനെക്കുറിച്ച് ധാരണയില്ലാത്തവരാണ് പരിഹസിക്കുന്നതെന്നും, സർക്കാരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാതെ സ്വമേധയാ രാജ്യസേവനത്തിന് സന്നദ്ധരാകുന്നവരെ പരിഗണിക്കുന്ന ഭരണകൂടമാണ് നിലവിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിമർശിക്കുന്നവരുടെ അജണ്ട വ്യക്തമാണെന്നും എന്ത് പറഞ്ഞാലും 'സംഘി' എന്ന് മുദ്രകുത്തുന്ന രീതിയാണ് കണ്ടുവരുന്നതെന്നും മേജർ രവി കുറ്റപ്പെടുത്തി. തന്നെ വിറ്റ് ജീവിക്കുന്ന ചിലരുണ്ടെന്നും സൈനികരെ മുഴുവൻ മോശമായി ചിത്രീകരിക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിരമിച്ച സൈനികരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന പരാമർശങ്ങൾക്കെതിരെ കടുത്ത പ്രതിഷേധമാണ് പൂർവസൈനികർക്കിടയിൽ ഉയരുന്നത്.
.jpg)


