
മാഹി : മാഹി എം.എല്‍.എയുടെ ഫോട്ടോ ഉപയോഗിച്ച് വാട്സ്‌ആപ്പില്‍ തെറ്റിദ്ധരണ പരത്തുന്ന വ്യാജ സന്ദേശങ്ങള്‍ അയച്ചവര്‍ക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി.ഞായറാഴ്ച രാവിലെ മുതലാണ് മാഹിയിലേയും പുതുച്ചേരിയിലേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് എം.എല്‍.എ അയക്കുന്ന തരത്തില്‍ 75258 87258 എന്ന നമ്പറില്‍നിന്ന് സന്ദേശം വരാന്‍ തുടങ്ങിയത്.
ആമസോണ്‍ കമ്പനിയുടെ പേഗിഫ്റ്റ് കാര്‍ഡിന്റെ ലിങ്ക് കൂടി സന്ദേശത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ഓണ്‍ലൈന്‍ മുഖേന പണം അപഹരിക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് സംശയം.സന്ദേശത്തില്‍ ദുരൂഹത തോന്നിയ ചിലര്‍ മാഹി എം.എല്‍.എ രമേശ് പറമ്പത്തിനെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് സംഗതി വ്യാജമാണെന്ന് മനസ്സിലായത്. ട്രൂ കോളറില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രശാന്ത് ഗോണ്ട് എന്നയാളാണ് സിം കാര്‍ഡ് ഉടമയായി കാണിക്കുന്നത്.
പൊതുജനങ്ങളെ വഞ്ചിക്കാനും തെറ്റിദ്ധാരണ പരത്താനും വേണ്ടി തയാറായവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എ മാഹി പൊലീസ് സുപ്രണ്ടിന് പരാതി നല്‍കി. തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.