അഭിഭാഷക– വിദ്യാർത്ഥി സംഘർ‌ഷം കോടതി വളപ്പിലെ കാന്റീനിലേക്ക് മഹാരാജാസിലെ വിദ്യാർത്ഥികൾക്ക് വിലക്ക്

Maharajas College

കൊച്ചി: അഭിഭാഷക– വിദ്യാർത്ഥി സംഘർ‌ഷത്തിന് പിന്നാലെ മഹാരാജാസ് കോളജിലെ വിദ്യാർത്ഥികൾക്ക് കാന്റീൻ വിലക്ക്. എറണാകുളം ജില്ലാ കോടതി വളപ്പിലുള്ള ബാർ അസോസിയേഷന്റെ കാന്റീനിലേക്ക് മഹാരാജാസ് കോളേജിലെ വിദ്യാർഥികളെ പ്രവേശിപ്പിക്കേണ്ട എന്നാണ് തീരുമാനം. ഇവിടെയുള്ള 2 കാന്റീനുകളിലും ഇനി പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന് ഇന്നലെ ചേർന്ന അസോസിയേഷൻ ജനറൽ ബോഡി തീരുമാനിക്കുകയായിരുന്നു.

അസോസിയേഷന്റെ പരിപാടിക്ക് വന്ന് വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കാറുണ്ട്. ആദ്യം കുറച്ചു പേർ വരും. പ്രശ്നമില്ലെന്ന് കണ്ടാൽ കൂടുതൽ പേരെ വിളിച്ചു വരുത്തും. പരിപാടിക്ക് എത്തുന്നവർക്ക് ഭക്ഷണം തികയാത്ത സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസവും വിദ്യാർത്ഥികൾ വന്ന് ഭക്ഷണം കഴിച്ചിരുന്നു. അതിനു ശേഷം വനിതാ അഭിഭാഷകർക്കും കുടുംബങ്ങൾക്കുമൊക്ക ഇടയിൽ കയറി ഡാൻസ് കളിക്കാൻ ശ്രമിച്ചപ്പോഴാണ് അവരെ പറഞ്ഞുവിട്ടത്. പിന്നീടാണ് ആക്രമണം ഉണ്ടായത്. കാന്റീനിൽ ഇനി പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കേണ്ടെന്നത് ജനറൽ ബോഡി തീരുമാനമാണ്, എറണാകുളം ബാർ അസോസിയേഷൻ പ്രസിഡന്റ് ആന്റോ തോമസ് പറഞ്ഞു.

മഹാരാജാസ് കോളജ് വളപ്പിലേക്ക് അഭിഭാഷകർ കല്ലെറിയുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. എന്നാൽ ഇത് ഒരു വശം മാത്രമാണെന്ന് ആന്റോ തോമസ് പറഞ്ഞു. ജനറൽ ബോഡി യോഗം കഴിഞ്ഞിറങ്ങിയ തങ്ങളെ വിദ്യാർത്ഥികൾ തെറി വിളിക്കുകയും കല്ലെറിയുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു.

Tags