ഇന്ത്യൻ രാഷ്‌ട്രീയത്തെ യുവത്വം പുതുദിശയിലേക്ക് നയിക്കുന്നു: എം. വി ഗോവിന്ദൻ
തൃശൂർ: ഇന്ത്യൻ രാഷ്‌ട്രീയത്തെ വിദ്യാർഥികളും യുവാക്കളും ചേർന്ന് പുതിയ ദിശയിലേക്ക് നയിക്കുന്നതാണ് ജന്തർമന്തറിൽ കണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രക്തസാക്ഷി കുടുംബസംഗമം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ പരിവർത്തനദശയിൽ നിർണായക പങ്കാണ് ഇന്ത്യൻ യുവത്വം വഹിക്കുന്നത്. കഴിഞ്ഞ പന്ത്രണ്ടുവർഷമായി അജയ്യരെന്ന് കരുതി ഇരുന്നവരെയാണ് നമ്മുടെ ചെറുപ്പക്കാർ മുട്ടുകുത്തിച്ചത്. ഭരണകൂടത്തിന്റെ മർദ്ദനോപകരണങ്ങളെയെല്ലാം അവഗണിച്ച് അവർ നടത്തിയ മുന്നേറ്റം നാം കണ്ടു. ഇന്ത്യയിലുടനീളം അതിശക്തമായ പോരാട്ടം നടന്നു. ഇന്ത്യൻ യുവത ചരിത്രം മാറ്റിയെഴുതുകയാണ്. സാമൂഹ്യപരിവർത്തനത്തിനായുള്ള പോരാട്ടത്തിന്റെ പാതയിൽ സ്വതം ജീവൻതന്നെ സമർപ്പിച്ച രക്തസാക്ഷികളാണ് സംഘടനയുടെ കരുത്തും ശേഷിയും. രക്തസാക്ഷി സ്‌മരണയാണ് പ്രസ്ഥാനത്തെ ശക്തമായി മുന്നോട്ടുനയിക്കുന്നത്– എം വി ഗോവിന്ദൻ പറഞ്ഞു.
.jpg)

