ലൈഫ് മിഷന്‍ കോഴയിടപാട് കേസ്; എം ശിവശങ്കറിന് ജാമ്യമില്ല

google news
m shivasanker

ലൈഫ് മിഷന്‍ കോഴയിടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യമില്ല. ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ശിവശങ്കറിന്റെ അപേക്ഷ കോടതി തള്ളി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്ന കേസിലെ പ്രതിയായ സന്തോഷ് ഈപ്പന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. കൊച്ചിയിലെ വിചാരണ കോടതിയുടേത് ആണ് നടപടികള്‍.

ലൈഫ് മിഷന്‍ കേസിലെ ഒന്നാം പ്രതിയായ എം ശിവശങ്കര്‍ ചികിത്സയ്ക്ക് ആയി ഇടക്കാല ജാമ്യം അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് വിചാരണ കോടതിയെ സമീപിച്ചത്. മൂന്ന് മാസത്തേക്ക് ജാമ്യം അനുവദിക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ ശിവശങ്കരന് കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നും. ആവശ്യമുള്ള ചികിത്സ നല്‍കുന്നുണ്ടെന്നും ഇഡി കോടതി അറിയിച്ചു. ഇതേ തുടര്‍ന്നാണ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശിവശങ്കറിന്റെ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ കോടതി തള്ളിയത്. കേസില്‍ സ്ഥിരം ജാമ്യത്തിനായി സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍ ഇടക്കാല ജാമ്യത്തിനായി കീഴ്‌ക്കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. സുപ്രിംകോടതിയുടെ ഈ നിര്‍ദ്ദേശം ഉള്‍പ്പെടുത്തിയായിരുന്നു ശിവശങ്കര്‍ ജാമ്യ അപേക്ഷ നല്‍കിയത്. ലൈഫ് മിഷന്‍ കോഴയിടപാടുമായി തനിക്ക് പങ്കില്ലെന്നാണ് ശിവശങ്കര്‍ ജാമ്യ അപേക്ഷയില്‍ പറയുന്നത്. സ്ഥിരം ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്.

കേസില്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി ഏഴാം പ്രതിയും യൂണിടാക് എംഡിയുമായ സന്തോഷ് ഈപ്പന്‍ നല്‍കിയ അപേക്ഷയും കോടതി തള്ളി. തന്റെ പാസ്പോര്‍ട്ട് വിട്ടുകിട്ടണമെന്നായിരുന്നു സന്തോഷ് ഈപ്പന്റെ ആവശ്യം.

Tags