ചിന്നക്കനാലിലെ ആക്രമണകാരികളായ കാട്ടാനകളെ വെടിവെച്ചുകൊല്ലണമെന്ന് എം എം മണി

M.M. Mani demands shooting of invasive wild elephants in Chinnakanal

ഇടുക്കി: ചിന്നക്കനാലിൽ ജനവാസമേഖലയിലിറങ്ങി നിരന്തരം ഭീതി പരത്തുന്ന ആക്രമണകാരികളായ കാട്ടാനകളെ വെടിവെച്ചുകൊല്ലണമെന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എം.എം. മണി. കാട്ടാനകളെ പിടികൂടി കാടുകയറ്റാനുള്ള വനംവകുപ്പിന്റെ നീക്കത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ആനകളെ വെറുതെ പിടിച്ചുമാറ്റുന്നത് ഒന്നിനും ശാശ്വതമായ പരിഹാരമാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന കാട്ടാനകളെ വെടിവെച്ചുതന്നെ കൊല്ലുകയാണ് വേണ്ടതെന്നും അത്തരം നടപടികൾ സ്വീകരിക്കുമ്പോൾ നിയമപരമായ കേസുകൾ വന്നാൽ നേരിടാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം തുറന്നടിച്ചു.

സംസ്ഥാനത്തെ ഭരണനേതൃത്വത്തിനും വൈദ്യുതി മന്ത്രിക്കും ഒരു കാര്യത്തിലും ദീർഘവീക്ഷണമോ വ്യക്തമായ കാഴ്ചപ്പാടോ ഇല്ലെന്ന് എം.എം. മണി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി വി.ഡി. സതീശനും വകുപ്പ് മന്ത്രിയും ഇത് തിരിച്ചറിയണം. താനും പിണറായി വിജയനും വൈദ്യുതി മന്ത്രിമാരായിരുന്ന കാലത്ത് കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നു. മികച്ച രീതിയിൽ മഴ ലഭിച്ചാൽ പോലും സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 40 ശതമാനം മാത്രമാണ് ജലവൈദ്യുത പദ്ധതികളിൽനിന്ന് ഉത്പാദിപ്പിക്കാൻ സാധിക്കുന്നത്. ബാക്കി ഭൂരിഭാഗം വൈദ്യുതിയും വലിയ വിലകൊടുത്ത് പുറത്തുനിന്ന് വാങ്ങുകയാണ് പതിവ്. കാര്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യാനുള്ള പ്രായോഗിക ബുദ്ധിയും ജനങ്ങളോട് ആത്മാർത്ഥമായ കൂറും വേണമെന്നും ചിരിച്ചുകാണിച്ച് ഇളിച്ചിരുന്നതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിമാരുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട വിവാദത്തില്‍ തന്തവൈബ് പിടിക്കാനില്ലെന്ന മന്ത്രി ഒജെ ജനീഷിൻറെ അഭിപ്രായത്തോട് അയാള്‍ക്കു വിവരമില്ലാഞ്ഞിട്ടാണ് അങ്ങനെയൊക്കെ സംസാരിക്കുന്നതെന്നായിരുന്നു മണിയുടെ പ്രതികണം. ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ഭാര്യയുടെ കൂടെപ്പോയിരിക്കാം, അല്ലെങ്കില്‍ വിശ്രമിക്കാം, അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും ചെയ്യാം’എന്നും മണി പറയുന്നു. പണി അറിയില്ലെങ്കില്‍ മറ്റെന്തെങ്കിലും പണി നോക്കാമെന്നും മന്ത്രിപ്പണി ഏറ്റെടുത്താല്‍ ആ പണി ചെയ്യണം'- മണി പറഞ്ഞു.

Tags