യു.ഡി.എഫ് സർക്കാരിന്റെ നയങ്ങളെ അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ല; എം. ലിജു

Beverages Corporation is in financial loss; Excise Minister M Liju says the reason is the LDF government's decisions

 കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ച ബാർ ലൈസൻസുകളിൽ വിജിലൻസ് അന്വേഷണത്തിന് ഒരുങ്ങി എക്സൈസ് വകുപ്പ്. 10 വർഷത്തിനിടെ അനുവദിച്ച 488 ബാർ ലൈസൻസുകളുടെ രേഖകൾ സമഗ്രമായി പരിശോധിക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി. ലൈസൻസ് വിതരണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന സംശയത്തെ തുടർന്നാണ് നടപടി. എക്സൈസ് മന്ത്രി പോലും അറിയാതെ ഉദ്യോഗസ്ഥതലത്തിൽ ബാറുകൾക്ക് അനുമതി നൽകിയ സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. നടപടി നേരിട്ട ഡെപ്യൂട്ടി കമ്മീഷണർമാരുടെ സാമ്പത്തിക ഇടപാടുകൾ അടക്കമുള്ള തെളിവുകൾ മന്ത്രിക്ക് നേരിട്ട് ലഭിച്ചതിന് പിന്നാലെയാണ് ഈ നീക്കം.

“ലൈസൻസ് നൽകിയതിന് പിന്നിൽ മറ്റ് എന്തെങ്കിലും ദുരൂഹമായ ഉദ്ദേശങ്ങളുണ്ടോ എന്ന് സർക്കാർ വിശദമായി അന്വേഷിക്കും. യു.ഡി.എഫ് സർക്കാരിന്റെ നയങ്ങളെ അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ല. സർക്കാരിന്റെയും സമൂഹത്തിന്റെയും താല്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും,” എക്സൈസ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രിയുടെ ഓഫീസ് അറിയാതെ അപേക്ഷകളിൽ ശരവേഗത്തിലാണ് ലൈസൻസ് അനുവദിച്ചിരുന്നത്. മൂവാറ്റുപുഴയിലെ ഒരു ബാറിന് ജൂൺ 23-ന് അപേക്ഷ നൽകിയപ്പോൾ പിറ്റേ ദിവസം തന്നെ അനുമതി ലഭിച്ചു. എറണാകുളത്ത് ജൂൺ 25-ന് നൽകിയ അപേക്ഷയിൽ ജൂൺ 29-നും കോട്ടയത്ത് സെപ്റ്റംബർ 29-ലെ അപേക്ഷയിൽ ഒക്ടോബർ 3-നും ലൈസൻസ് അനുവദിച്ചിരുന്നു. സാധാരണ അപേക്ഷകളിൽ മാക്സിമം 5 ദിവസത്തിനുള്ളിൽ അനുമതി കൊടുത്തതിലും വലിയ ദുരൂഹതയുണ്ട്. സംഭവത്തിൽ സർവീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് എക്സൈസ് വകുപ്പിന്റെ നിഗമനം.

Tags