കോൺഗ്രസിൽ യെസ് ബോസ് കൾച്ചർ ഇല്ല : ഏകഛത്രപതി ഇല്ലാത്ത പാർട്ടിയാണ് കോൺഗ്രസിനെന്ന് എം ലിജു
തിരുവനന്തപുരം: കോൺഗ്രസിൽ യെസ് ബോസ് കൾച്ചർ ഇല്ലെന്ന് മന്ത്രി എം ലിജു. ഏകഛത്രപതി ഇല്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. സർക്കാർ നയം സംബന്ധിച്ച് ആർക്കും ആശങ്കകൾ പങ്കുവെയ്ക്കാം. വീര്യം കുറഞ്ഞ മദ്യം വിൽക്കണോയെന്നതിൽ യുഡിഎഫ് തീരുമാനം എടുക്കുമെന്നും എം ലിജു വ്യക്തമാക്കി.
'ആശങ്ക പ്രകടിപ്പിക്കുന്നതിൽ എന്താണ് തെറ്റ്. ഞങ്ങളുടെ പാർട്ടി സിപിഐഎമ്മിനെ പോലെയല്ല. പിണറായി വിജയൻ പറയുന്നതിലും അപ്പുറത്തേക്ക് മറ്റൊന്ന് നിലവിൽ ഇല്ലെന്ന് പറയുന്ന ഒരു പാർട്ടിയല്ല ഞങ്ങളുടേത്. ഞങ്ങളുടെ പാർട്ടിയിൽ ഏകഛത്രപതികളില്ല. അതിനാൽ അഭിപ്രായം ഉയരും. അതാണ് കോൺഗ്രസിന്റ സൗന്ദര്യം. മുഖ്യമന്ത്രി ഉൾപ്പെടെ ആ സ്പിരിറ്റിലാണ്. വേറെ വ്യാഖ്യാനിക്കേണ്ട. യെസ് ബോസ് കൾച്ചറല്ല ഞങ്ങൾക്കുള്ളത്', മന്ത്രി എം ലിജു പറഞ്ഞു.
മദ്യം വാങ്ങാനുള്ള പ്രായപരിധി കർശനമാക്കുമെന്നും എം ലിജു പറഞ്ഞു. നിലവിൽ 23 വയസ്സുതന്നെയാണ് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായപരിധി. അത് കർശനമാക്കാനാണ് തീരുമാനം. നിയമം പാലിക്കപ്പെടേണ്ടതുണ്ടെന്നും എം ലിജു പറഞ്ഞു. കേരള ബാങ്കിന്റെ സ്ട്രക്ചർ മാറ്റുന്ന കാര്യത്തിൽ നയപരമായ തീരുമാനം എടുക്കും. ജില്ലാ സഹകരണ ബാങ്ക് പുനസ്ഥാപിക്കണമെന്ന അഭിപ്രായം ഉയരുന്നുണ്ട്. കൃത്യമായ പഠനത്തിലൂടെ മാത്രമേ തീരുമാനമെടുക്കൂവെന്നും എം ലിജു പറഞ്ഞു. കേക്ക് മുറിക്കുന്നത് പോലെ ബാങ്കിനെ മുറിക്കാൻ പറ്റില്ലല്ലോ. കേരള ബാങ്കിനോടുള്ള എതിർപ്പ് ആശയപരമായി തുടരുകയാണ്. എടുക്കേണ്ട സമയത്ത് എടുക്കേണ്ട തീരുമാനം കൃത്യമായി എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
.jpg)

