ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങൾ കടത്തിയ കേസ് ; ദുൽഖർ സൽമാന്റെ കൂടുതൽ വാഹനങ്ങൾക്കായി അന്വേഷണം വ്യാപിപ്പിച്ച് കസ്റ്റംസ്

Dulquer Salmaan

 കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങൾ കടത്തിയ കേസിൽ നടൻ ദുൽഖർ സൽമാന്റെ കൂടുതൽ വാഹനങ്ങൾക്കായി അന്വേഷണം ഊർജിതമാക്കി കസ്റ്റംസ്. കേസിൽ ദുൽഖറിന്റെ കൈവശമുള്ള നാല് വാഹനങ്ങൾ കൂടി കസ്റ്റംസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനു മുൻപ് നാല് വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കൊച്ചി കസ്റ്റംസ് ഓഫീസിൽ ഏഴ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം, ദുൽഖറിനെ വീണ്ടും ചോദ്യം ചെയ്യാൻ അധികൃതർ തീരുമാനിച്ചു.

വാഹനങ്ങൾ നികുതി വെട്ടിച്ച് കടത്തിയതാണെന്ന് അറിയില്ലായിരുന്നുവെന്നും, കൈവശമുള്ള വാഹനങ്ങൾക്ക് കൃത്യമായ രേഖകളുണ്ടെന്നുമാണ് ദുൽഖർ മൊഴി നൽകിയിരിക്കുന്നത്. വാഹന കള്ളക്കടത്ത് റാക്കറ്റുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം ആവർത്തിച്ചു. നേരത്തെ, കളമശ്ശേരിയിലെ ഷോറൂമിൽ നിന്ന് ‘ലക്കി ഭാസ്കർ’ എന്ന ചിത്രത്തിൽ ഉപയോഗിച്ച നിസ്സാൻ പട്രോൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇതിൽ ലാൻഡ് റോവർ ഡിഫൻഡർ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ദുൽഖർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണ പരിധിയിലുള്ള വാഹനങ്ങൾ നിബന്ധനകളോടെ ഉടമകൾക്ക് വിട്ടുനൽകാൻ കഴിയുമെന്നും, അല്ലെങ്കിൽ കാരണം രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഭൂട്ടാനിൽ നിന്ന് സെക്കൻഡ് ഹാൻഡ് ആഡംബര കാറുകൾ വ്യാജരേഖകളുണ്ടാക്കി ഇന്ത്യയിൽ വിൽക്കുന്ന സംഘത്തെ പിടികൂടാൻ കൊച്ചി കസ്റ്റംസ് നടത്തിയ ‘ഓപ്പറേഷൻ നുംഖോറി’ലൂടെയാണ് വൻ തട്ടിപ്പ് പുറത്തായത്. കേസിന്റെ മുഖ്യസൂത്രധാരൻ ബിശ്വദീപ് ദാസ് ഉൾപ്പെടെയുള്ള അഞ്ച് പേരെയും, അസമിലെ ഡിടിഒ ദീപക് പഠോവരി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തിരുന്നു. ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി കൂടുതൽ വാഹനങ്ങൾ കണ്ടെത്താനാണ് കസ്റ്റംസിന്റെ നീക്കം.

Tags