രാജ്യസഭയിലെ ലുങ്കി വാല പദപ്രയോഗം ; ലുങ്കിയുടുത്ത് സ്വാതന്ത്ര്യദിന പതാക ഉയർത്തി വി.ടി. ബൽറാം
തൃത്താല: സ്വാതന്ത്ര്യദിനാഘോഷ വേളയിൽ വ്യത്യസ്തമായ വസ്ത്രധാരണവുമായി ശ്രദ്ധേയനായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. തൃത്താല ഗ്രാമപഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ ലുങ്കിയുടുത്താണ് അദ്ദേഹം ദേശീയ പതാക ഉയർത്തിയത്.
രാജ്യസഭയിലെ ലുങ്കി വാല പദപ്രയോഗത്തിലുള്ള എതിർപ്പ് വ്യക്തമാക്കിയാണ് സ്വാതന്ത്ര്യദിനാഘോഷത്തിൽ വി. ടി. ബൽറാം എം.എൽ.എ ലുങ്കി ഉടുത്ത് ദേശീയ പതാക ഉയർത്തിയത്.
വസ്ത്രധാരണത്തിലും സാംസ്കാരിക ശീലങ്ങളിലും ഉള്ള സ്വാതന്ത്ര്യമാണ് ഇതിലൂടെ താൻ ഊന്നിപ്പറയുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വിവേചനങ്ങൾക്കും വേർതിരിവുകൾക്കുമെതിരെയുള്ള സ്വാതന്ത്ര്യവും അഭിമാനകരമായ അസ്തിത്വവുമാണ് സ്വാതന്ത്ര്യത്തിന്റെ അടരുകളെന്നും വി.ടി. ബൽറാം വ്യക്തമാക്കി.
പ്രസിഡന്റ് ജയന്തി വിജയകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സുജാത, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി. ദിവ്യ, സ്ഥിരം സമിതി അധ്യക്ഷന്മാർ പത്തിൽ അലി, അനീസ് മാട്ടായ, പ്രിയ പ്രമോദ്, പഞ്ചായത്തംഗങ്ങളായ ഷബ്ന നിഷാദ്, ഫാത്തിമ നാസർ, പ്രീത ഉണ്ണികൃഷ്ണൻ, പി. പി. ദയാനന്ദൻ, പ്ലാൻ കോഡിനേറ്റർ പി. വി. മുഹമ്മദ്‌അലി, പി. എം. മോഹൻദാസ് എന്നിവർ സംബന്ധിച്ചു.
ദിവസങ്ങൾക്ക് മുമ്പ് രാജ്യസഭയിൽ സംസാരിക്കുന്നതിനിടെ, കേരളത്തിൽ നിന്നുള്ള പരമ്പരാഗത വേഷമായ ‘ലുങ്കി’ ധരിച്ചെത്തിയ ജോൺ ബ്രിട്ടാസിനെതിരെ ബി.ജെ.പി അംഗം സുഷ്മിത ദേവ് ‘ലുങ്കി വാല’ എന്ന് ആവർത്തിച്ച് വിളിച്ച് അധിക്ഷേപിച്ചിരുന്നു. ഇതിനെതിരെ ജോൺ ബ്രിട്ടാസ് പ്രിവിലേജ് നോട്ടീസ് (അവകാശ ലംഘന നോട്ടീസ്) നൽകുകയും ചെയ്തിരുന്നു.
ഇത് ദക്ഷിണേന്ത്യൻ സംസ്കാരത്തിനും വസ്ത്രധാരണത്തിനും എതിരെയുള്ള അധിക്ഷേപമാണെന്നും സാംസ്കാരിക വൈവിധ്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ എം.പിമാർ രാജ്യസഭയിലും പാർലമെന്റിന്റെ മകര കവാടത്തിലും ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.
.jpg)

