എൽ.പി.എസ്.ടി സമരപ്പന്തൽ പൊളിച്ച സംഭവം: പൊലീസ് നടപടിക്കെതിരെ സി.പി.എമ്മും സി.ജെ.പിയും; സമരക്കാർ പിന്മാറണമെന്ന് പി.കെ. ഫിറോസ്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്തിരുന്ന എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡേഴ്സിന്റെ സമരപ്പന്തൽ പൊളിച്ചുമാറ്റിയ പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സി.പി.എം രംഗത്ത്. സമരക്കാർക്ക് സംരക്ഷണവും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് സി.പി.എം വ്യക്തമാക്കി. ഇതിന് പിന്നാലെ സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടിയും (CJP) രംഗത്തെത്തിയിട്ടുണ്ട്. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരത്തിനൊപ്പം നിൽക്കുമെന്ന് സി.ജെ.പി അറിയിച്ചു.
റാങ്ക് പട്ടികയിലുള്ളവരെ ബലമായി നീക്കം ചെയ്തതിനെ സി.പി.എം ജില്ലാ സെക്രട്ടറിയും എം.എൽ.എയുമായ വി. ജോയ് രൂക്ഷമായി വിമർശിച്ചു. പ്രതിപക്ഷത്തായിരുന്നപ്പോൾ ജനാധിപത്യത്തെയും മൗലികാവകാശങ്ങളെയും കുറിച്ച് സംസാരിച്ചിരുന്ന മുഖ്യമന്ത്രി, അധികാരത്തിലെത്തിയപ്പോൾ പ്രതിഷേധങ്ങളോട് അസഹിഷ്ണുത കാണിക്കുകയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആദ്യം ചർച്ചകൾ നടത്തി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനൽകിയ ശേഷം സർക്കാർ ഉദ്യോഗാർത്ഥികളെ വഞ്ചിച്ചുവെന്നും, നാലോ അഞ്ചോ പേർ മാത്രമാണ് പ്രതിഷേധിക്കുന്നതെങ്കിൽ പോലും അവരുടെ ആവശ്യങ്ങൾ പ്രധാനമാണെന്നും വി. ജോയ് കൂട്ടിച്ചേർത്തു.
അതേസമയം, സമരം ചെയ്യുന്നവർ നിയമന ഉത്തരവിനായി കാത്തിരിക്കണമെന്നും പ്രതിഷേധത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നുമാണ് മുസ്ലിം ലീഗ് എം.എൽ.എ പി.കെ. ഫിറോസിന്റെ നിലപാട്. ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങളോട് സർക്കാർ അനുഭാവപൂർവ്വമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും, പരമാവധി പേർക്ക് നിയമനം നൽകാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർത്ഥി-അധ്യാപക അനുപാതം കുറയ്ക്കണമെന്നും, പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നതിന് മുൻപ് നിയമനം നടത്തണമെന്നും ആവശ്യപ്പെട്ട് സമരസമിതി സെക്രട്ടറി എസ്. വളർമതി ഉൾപ്പെടെയുള്ളവരാണ് നിരാഹാര സമരം നടത്തിയിരുന്നത്. ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി താത്കാലികമായി നിർമ്മിച്ച സമരപ്പന്തൽ നീക്കണമെന്ന് കന്റോൺമെന്റ് പൊലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സമരപ്പന്തൽ പൊളിച്ചുമാറ്റിയത്.
.jpg)

