ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Low pressure likely in Bay of Bengal; isolated heavy rain likely in state till Monday

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച (നവംബർ 16) വരെ വിവിധ ഇടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് (നവംബർ 12) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.തെക്കൻ ആൻഡമാൻ കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി നാളെയോടെ (നവംബർ 13) തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന ഇത് നവംബർ 14-ഓടെ ശക്തി കൂടിയ ന്യൂനമർദ്ദമായും, നവംബർ 15-ഓടെ തീവ്രന്യൂനമർദ്ദമായും ശക്തി പ്രാപിക്കാനാണ് സാധ്യത.

ഇതിനുപുറമെ തെക്കുകിഴക്കൻ അറബിക്കടലിലും സമീപ ലക്ഷദ്വീപ് മേഖലയിലും, മന്നാർ കടലിടുക്കിന് സമീപത്തുമായി രണ്ട് ചക്രവാതച്ചുഴികൾ കൂടി സ്ഥിതി ചെയ്യുന്നുണ്ട്. ഇവയുടെ സ്വാധീനഫലമായാണ് നവംബർ 12 മുതൽ 16 വരെ സംസ്ഥാനത്ത് നേരിയതോ ഇടത്തരമോ ആയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത പ്രവചിച്ചിരിക്കുന്നത്. അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (നവംബർ 12) മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ, നവംബർ 12 മുതൽ 16 വരെ ആൻഡമാൻ കടൽ, ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ മേഖലകളിലേക്ക് മത്സ്യത്തൊഴിലാളികൾ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags