ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ; കേരളത്തിൽ അഞ്ച് ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വേനൽമഴ വൻതോതിൽ ശക്തിപ്രാപിക്കുന്നു. ഇതിന് പുറമെ അറബിക്കടലിൽ കേരളാ തീരത്തോട് ചേർന്ന് ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴിയും രൂപപ്പെട്ടത് മഴയുടെ തീവ്രത വർദ്ധിപ്പിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം കൂടി കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
മഴ കനക്കുന്ന സാഹചര്യത്തിൽ മലബാർ മേഖലയിലെ ജില്ലകളിൽ വരും ദിവസങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 14-ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലും 15-ന് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലുമാണ് കാലാവസ്ഥാ വകുപ്പ് ജാഗ്രതാനിർദ്ദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി പെയ്ത മഴയിൽ കോഴിക്കോടും കണ്ണൂരും വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പേരാമ്പ്രയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ നിരവധി വീടുകൾക്ക് മുകളിൽ മരങ്ങൾ വീഴുകയും റോഡുകളിൽ മരങ്ങൾ വീണത് മൂലം ദീർഘനേരം ഗതാഗത തടസ്സമുണ്ടാകുകയും ചെയ്തു. നാദാപുരം, വിലങ്ങാട്, താമരശേരി മലയോര മേഖലകളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. കല്ലാച്ചി ടൗണിൽ കടകളിലേക്ക് വെള്ളം കയറിയതും സംസ്ഥാന പാതയിലെ വെള്ളക്കെട്ടും ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലയിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
.jpg)

