വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച സർക്കാർ നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച സർക്കാർ നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് പിണറായി വിജയൻ സർക്കാരിനെയും മുഖ്യമന്ത്രി വി ഡി സതീശനെയും വിമർശിച്ചത്. അധികാരമേറ്റെടുത്ത് ഒരു മാസം പോലും തികയേണ്ടി വന്നില്ലെന്നും അതിനുള്ളിൽ തന്നെ അഴിമതി സർക്കാരിനെ വലയം ചെയ്തുവെന്നും പിണറായി വിജയൻ പറഞ്ഞു. ഫിനാൻസ് ബിൽ സഭ അംഗീകരിച്ചാൽ അത് നിയമമാകും. ഇത് നടപ്പാക്കുന്നത് തടയാൻ യുഡിഎഫിന് നിയമപരമായി കഴിയില്ല. എക്‌സിക്യൂട്ടീവ് ഉത്തരവ് മൂലം മരവിപ്പിക്കാനും കഴിയില്ല. ഫിനാൻസ് ബിൽ പാസാക്കിയതിനുശേഷം യുഡിഎഫിൽ ചർച്ച ചെയ്യുന്നതിൽ എന്ത് പ്രസക്തിയാണുള്ളതെന്നും പിണറായി വിജയൻ ചോദിച്ചു.
2023ൽ എൽഡിഎഫ് സർക്കാർ ജനതാൽപ്പര്യം മുൻനിർത്തി മാറ്റിവച്ച അതേ ഫയലാണ് യുഡിഎഫ് സർക്കാർ വന്നയുടനെ പൊടിതട്ടിയെടുത്തത്. ബക്കാഡിക്കുവേണ്ടി ഈ ഫയൽ മുഖ്യമന്ത്രി വി ഡി സതീശന്റെ മേശപ്പുറത്തെത്തിയത് രണ്ടര മണിക്കൂർ കൊണ്ടാണ്. മുഖ്യമന്ത്രി കണ്ടശേഷം മിന്നൽ വേഗത്തിലായിരുന്നു കാര്യങ്ങളെന്നും പിണറായി വിജയൻ വിമർശിച്ചു. ഇതൊരു സാധാരണ നടപടിയല്ല. മറിച്ച് സർക്കാരിന് നികുതി നഷ്ടത്തിനും മദ്യക്കമ്പനികൾക്ക് കോടികളുടെ ലാഭത്തിനും ഉതകുന്ന ആസൂത്രണമാണ്. ഇതിന്റെയെല്ലാം വേരുകൾ എവിടേക്കാണ് നിളുന്നതെന്ന് വ്യക്തമാണ്. ആദ്യ ബജറ്റിൽത്തന്നെ വീര്യംകുറഞ്ഞ മദ്യത്തിന് ഭീമമായ നികുതിയിളവ് പ്രഖ്യാപിച്ച് ബക്കാഡിയുമായുള്ള ഡീൽ പാലിച്ചുവെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി.
.jpg)

