ലോട്ടറി ക്ഷേമനിധി ബോർഡ് ക്രമക്കേട് കേസ് ; പ്രതികളുടെയും ബന്ധുക്കളുടെയും വസ്തുക്കൾ കണ്ടുകെട്ടാൻ വിജിലൻസ് കോടതി ഉത്തരവ്

court

 തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോർഡ് ക്രമക്കേട് കേസിലെ പ്രതികളുടെയും ബന്ധുക്കളുടെയും സ്വത്ത് കണ്ടുകെട്ടാൻ വിജിലൻസ് കോടതി ഉത്തരവ്. പ്രതികളായ സംഗീത്, അനിൽ കുമാർ, സമ്പത്ത് എന്നിവരുടെയും അവരുടെ ബന്ധുക്കളുടെയും ഉൾപ്പെടെ ജില്ലയിലെ വിവിധ വില്ലേജ് ഓഫിസുകൾക്ക് കീഴിലുള്ള 15 ഭൂമികൾ കണ്ടുകെട്ടാനാണ് ഇടക്കാല ഉത്തരവ്.

tRootC1469263">

കേസിൽ കോടതിയുടെ വളരെ ഗൗരവമായ ഇടപെടലാണ് ഈ ഉത്തരവിലൂടെ വ്യക്തമാകുന്നത്. രണ്ടാം പ്രതി അനിൽകുമാറിൻറെ സുഹൃത്ത് രജിത്, ഇയാളുടെ ഭാര്യ അർച്ചന, ഒന്നാംപ്രതി സംഗീതിൻറെ ഭാര്യ അശ്വതി, മാതാവ് മുത്തമ്മാൾ, സഹോദരി കവിത എന്നിവരുടെ കഴക്കൂട്ടം, ആറ്റിപ്ര, കുടപ്പനകുന്ന്, കടകംപള്ളി, കുഴിവിള, ഉള്ളൂർ എന്നീ സബ് രജിട്രാർ ഓഫിസുകൾക്ക് കീഴിലുള്ള ഭൂമി കണ്ടുകെട്ടാനാണ് ഉത്തരവ്. ഈ ആവശ്യം ഉന്നയിച്ച് വിജിലൻസ് കോടതിയിൽ നൽകിയ അപേക്ഷ പരിഗണിച്ചാണ് വിധി.

കേസിൽ ഇപ്പോൾ ജുഡീഷ്യൻ റിമാൻഡിൽ കഴിയുന്ന മൂന്ന് പ്രതികൾ ഒഴികെ മറ്റുള്ളവർ മാർച്ച് 16ന് കോടതിയിൽ നേരിട്ടെത്തി ഭൂമി കണ്ടുകെട്ടാതിരിക്കാൻ കാരണമുണ്ടെങ്കിൽ അത് സമർപ്പിക്കാനും നിർദേശിച്ചു.

തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എ. മനോജിൻറെ ഉത്തരവ്. വസ്തുക്കൾക്ക് പുറമെ അനിൽ കുമാറിൻറെ കാർകൂടി ജപ്തി ചെയ്യാനും ഉത്തരവിൽ നിർദേശിച്ചു. ഒന്നും രണ്ടും പ്രതികളുടെ കസ്റ്റഡി ചോദ്യംചെയ്യൽ കഴിഞ്ഞ് റിമാൻഡിലാണ്. മൂന്നാംപ്രതി സമ്പത്തിനെ രണ്ടുദിവസത്തേക്ക് വിജിലൻസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ലോട്ടറി തൊഴിലാളികൾക്ക് അടക്കാനുള്ള അംശാദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തും ഇടനിലക്കാരനുമായ അനിൽ കുമാറിൻറെ അക്കൗണ്ടിലേക്കും മാറ്റിയാണ് സംഗീത് 14 കോടി രൂപ തട്ടിയെടുത്തത്.

ഈ പണം ഉപയോഗിച്ച് കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫിസിൽനിന്ന് മാത്രം 45 രജിസ്‌ട്രേഷൻ നടത്തി. അനിൽ കുമാർ നിർമാണ കമ്പനി ആരംഭിച്ച് പ്രവർത്തിക്കുകയും ബാക്കി തുക ബാങ്കിൽ സ്ഥിരനിക്ഷേപമായി ഇടുകയും ചെയ്തുവെന്നാണ് വിജിലൻസ് കേസ്.

 

 

Tags