ലോക്‌സഭാ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്ന് പൂര്‍ത്തിയാകും


ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്ന് പൂര്‍ത്തിയാകും. സിപിഐഎം 15 സീറ്റിലും, സിപിഐ 4 സീറ്റിലും, കേരള കോണ്‍ഗ്രസ് (എം) ഒരു സീറ്റിലും മത്സരിക്കുമെന്നാണ് സൂചന. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗവും ഇന്ന് ആരംഭിക്കും.
കേരള കോണ്‍ഗ്രസ് കൂടി മുന്നണിയുടെ ഭാഗമായതോടെ ഒരു സീറ്റ് അവര്‍ക്ക് നല്‍കേണ്ടിവരും. സിപിഐഎം മത്സരിക്കുന്ന കോട്ടയം സീറ്റ് ആയിരിക്കും കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കുക. രണ്ടാമതൊരു സീറ്റ് കൂടി വേണമെന്ന് ആവശ്യം കേരള കോണ്‍ഗ്രസ് മുന്നോട്ടുവച്ചെങ്കിലും സിപിഐഎം അംഗീകരിച്ചിട്ടില്ല. ഇന്ന് വൈകിട്ട് ചേരുന്ന ഇടതുമുന്നണി യോഗം സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. അതിനുശേഷം ആയിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കുക.
സിപിഐഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെ സംസ്ഥാന കമ്മിറ്റി യോഗവുമാണ് നടക്കുക. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം ചില പുതുമുഖങ്ങളെയും രംഗത്തിറക്കാനാണ് സിപിഐഎമ്മിന്റെ ആലോചന. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം തേടും.
സിപിഐയുടെ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ചര്‍ച്ചകള്‍ ഉണ്ടാകും. തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, വയനാട് സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. തൃശ്ശൂരില്‍ വി.എസ് സുനില്‍ കുമാറും മാവേലിക്കരയില്‍ എവൈഎസ്എഫ് നേതാവ് സി.എ അരുണ്‍ കുമാറും മത്സരിക്കാന്‍ ധാരണയായിട്ടുണ്ട്. വയനാട് ആനി രാജയുടെ പേരാണ് പരിഗണിക്കുന്നത്. തിരുവനന്തപുരം സീറ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന കോട്ടയം സീറ്റില്‍ നിലവിലെ എംപിയായ തോമസ് ചാഴിക്കാടനോ ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ് കെ മാണിയോ മത്സരിക്കാന്‍ സാധ്യതയുണ്ട്.