രാത്രിയിലെ അപ്രതീക്ഷിത പവര്‍കട്ടില്‍ പ്രതിഷേധവുമായി നാട്ടുകാര്‍

kseb

ഇന്നലെ രാത്രി പത്തുമണിയോടെ നാട്ടുകാര്‍ കൂട്ടമായി കെഎസ്ഇബി ഓഫീസിലെത്തുകയായിരുന്നു.

രാത്രിയിലെ അപ്രതീക്ഷിത പവര്‍കട്ടില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. വൈറ്റില കെഎസ്ഇബി ഓഫീസിലായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തൃക്കാക്കര ഡിവിഷനില്‍ രാത്രി അപ്രതീക്ഷിതമായി കറണ്ട് പോകുന്നത് പതിവായതോടെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. ഇന്നലെ രാത്രി പത്തുമണിയോടെ നാട്ടുകാര്‍ കൂട്ടമായി കെഎസ്ഇബി ഓഫീസിലെത്തുകയായിരുന്നു.

രാത്രികാലങ്ങളില്‍ മണിക്കൂറുകളോളമാണ് കറണ്ട് പോകുന്നതെന്നും പലപ്പോഴും കെഎസ്ഇബിയുടെ മുന്നറിയിപ്പില്ലാതെയാണ് കറണ്ട് പോകുന്നതെന്നും നാട്ടുകാര്‍ പറയുന്നു. തുടര്‍ച്ചയായി കറണ്ട് പോകുന്നതിനാല്‍ ഓക്സിജന്‍ സപ്പോര്‍ട്ട് വേണ്ട രോഗികള്‍ ഉള്‍പ്പെടെ പ്രതിസന്ധി നേരിടുന്നുവെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. ശനിയാഴ്ച പുലര്‍ച്ചെ 1.30ന് പോയ കറണ്ട് 4 മണിക്ക് ശേഷമാണ് വന്നത്. വെള്ളിയാഴ്ചയും സമാനമായ സാഹചര്യമായിരുന്നുവെന്നും ഇവര്‍ പറയുന്നു.

എന്തുകൊണ്ടാണ് തുടര്‍ച്ചയായി ഇത്തരത്തില്‍ കറണ്ട് പോകുന്നത് എന്നതില്‍ കൃത്യമായ വിശദീകരണം കെഎസ്ഇബി നല്‍കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രതിഷേധം ശക്തമായതോടെ പൊലീസ് സംഭവസ്ഥലത്തെത്തി. പൊലീസ് ഇടപെട്ടുള്ള ഒത്തുതീര്‍പ്പിന് പിന്നാലെയാണ് നാട്ടുകാര്‍ പിരിഞ്ഞു പോയത്.

Tags