തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ

Local body election draft voter list: 19,81,739 voters in Kannur
Local body election draft voter list: 19,81,739 voters in Kannur

ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ വച്ച് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്.  ഇതു കൂടാതെ 14 ജില്ലാപഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നത് അതത് ജില്ലാകളക്ടറുടെ നേതൃത്വത്തിൽ കളക്ട്രേറ്റുകളിലായിരിക്കും.   ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റൽ ബാലറ്റുകൾ അതത് വരണാധികാരികളുടെ ടേബിളിൽ എണ്ണും.

tRootC1469263">

 വോട്ടെണ്ണൽ ശനിയാഴ്ച രാവിലെ എട്ടിനു ആരംഭിക്കും. ആദ്യം വരണാധികാരിയുടെ ടേബിളിൽ പോസ്റ്റൽ ബാലറ്റ് എണ്ണി തുടങ്ങും. തുടർന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണും. വോട്ടെണ്ണലിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ കൺട്രോൾ യൂണിറ്റുകൾ മാത്രമാണ് സ്‌ട്രോങ്ങ് റൂമുകളിൽ നിന്നും ടേബിളുകളിൽ എത്തിക്കുക. സ്‌ട്രോംഗ് റൂം തുറക്കുന്നത് വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകർ, സ്ഥാനാർഥികൾ, ഏജന്റുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും. അവിടെ നിന്ന് ഓരോ വാർഡിലെയും മെഷീനുകൾ കൗണ്ടിങ് ഹാളിലേക്ക് വോട്ടെണ്ണുന്നതിനായി കൊണ്ടു പോകും.

 വാർഡുകളുടെ ക്രമനമ്പർ പ്രകാരമായിരിക്കും വോട്ടിങ് മെഷീനുകൾ ഓരോ കൗണ്ടിംഗ് ടേബിളിലും വയ്ക്കുക. ഒരു വാർഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളുടെയും മെഷീനുകൾ ഒരു ടേബിളിൾ തന്നെ ആയിരിക്കും എണ്ണുക. സ്ഥാനാർത്ഥിയുടെയോ സ്ഥാനാർത്ഥികൾ നിയോഗിക്കുന്ന കൗണ്ടിംഗ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ ടേബളിലും വോട്ടെണ്ണുക.  ടേബിളിൾ വയ്ക്കുന്ന കൺട്രോൾ യൂണിറ്റിൽ സീലുകൾ, സ്‌പെഷ്യൽ ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് സ്ഥാനാർഥികളുടെയോ കൗണ്ടിങ്, ഇലക്ഷൻ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും വോട്ടെണ്ണൽ ആരംഭിക്കുക.

 കൺട്രോൾ യൂണിറ്റിൽ നിന്നും ആദ്യം ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളുടെ വോട്ടുനില ലഭിക്കും. തുടർന്ന്, ബ്ലോക്ക്പഞ്ചായത്ത് സ്ഥാനാർത്ഥികളുടെയും ജില്ലാപഞ്ചായത്ത് സ്ഥാനാർത്ഥികളുടെയും വോട്ടുവിവരം കിട്ടും. ഓരോ കൺട്രോൾ യൂണിറ്റിലെയും ഫലം അപ്പോൾ തന്നെ കൗണ്ടിങ് സൂപ്പർവൈസർ രേഖപ്പെടുത്തി വരണാധികാരിക്ക് നൽകും. ഒരു വാർഡിലെ പോസ്റ്റൽ ബാലറ്റുകളും എല്ലാ ബൂത്തുകളിലെ വോട്ടുകളും എണ്ണി തീരുന്ന മുറയ്ക്ക് അതത് തലത്തിലെ വരണാധികാരി ഫലപ്രഖ്യാപനം നടത്തും. ഓരോ ബൂത്തും എണ്ണി തീരുന്ന മുറയ്ക്ക് വോട്ടുനില TREND -ൽ അപ് ലോഡ് ചെയ്യും. ലീഡ് നിലയും ഫലവും തത്സമയം അറിയാൻ കഴിയും.   വരണാധികാരി അനുവദിക്കുന്ന വ്യക്തികളെ മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയുള്ളൂ. കൗണ്ടിങ് ഉദ്യോഗസ്ഥർ, തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ, ഇലക്ഷൻ ഏജന്റുമാർ, കൗണ്ടിംഗ് ഏജന്റുമാർ എന്നിവർക്കാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കാൻ അനുവാദമുള്ളത്.

Tags