ഇന്ന് വൈകീട്ട് മുതല്‍ മദ്യശാലകള്‍ അടഞ്ഞുകിടക്കും; രണ്ടുദിവസത്തേക്ക് കേരളത്തില്‍ ഡ്രൈ ഡേ
ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പ് സമയം അവസാനിക്കുന്നതിന് 48 മണിക്കൂർ മുൻപ് മുതല്‍ 'ഡ്രൈ ഡേ' ഉത്തരവ് നിലവില്‍വരും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ രണ്ടുദിവസത്തേക്ക് കേരളത്തില്‍ മദ്യവില്‍പ്പനയുണ്ടാകില്ല.ഇന്ന് വൈകീട്ട് മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകീട്ടുവരെയാണ് മദ്യവില്‍പ്പനയ്ക്ക് നിരോധനമുള്ളത്. വോട്ടെണ്ണല്‍ ദിനത്തിലും മദ്യവില്‍പ്പനയുണ്ടാകില്ല.
ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പ് സമയം അവസാനിക്കുന്നതിന് 48 മണിക്കൂർ മുൻപ് മുതല്‍ 'ഡ്രൈ ഡേ' ഉത്തരവ് നിലവില്‍വരും. അതിനാല്‍ ചൊവ്വാഴ്ച വൈകീട്ട് ഏഴുമണി മുതല്‍ കേരളത്തിലെ മദ്യശാലകള്‍ അടഞ്ഞുകിടക്കും. ബുധനാഴ്ചയും തുറക്കില്ല. ഇനി വ്യാഴാഴ്ച വൈകീട്ട് വോട്ടെടുപ്പ് അവസാനിച്ച് ശേഷം മാത്രമാകും മദ്യവില്‍പ്പനശാലകള്‍ പ്രവർത്തനം ആരംഭിക്കുക.
ഏതെങ്കിലും മണ്ഡലങ്ങളിലോ പോളിങ് ബൂത്തുകളിലോ റീപോളിങ് ആവശ്യമായാല്‍ റീപോളിങ് നടക്കുന്ന ദിവസം ആ മേഖലകളിലും ഡ്രൈ ഡേയായിരിക്കും. വോട്ടെണ്ണല്‍ ദിനമായ മേയ് നാലിനും കേരളത്തില്‍ മദ്യശാലകള്‍ പ്രവർത്തിക്കില്ല.
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 135C പ്രകാരം, വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് മുതല്‍ യാതൊരുവിധ ലഹരിപദാർത്ഥങ്ങളും വില്‍ക്കാനോ വിതരണം ചെയ്യാനോ പാടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. മദ്യഷാപ്പുകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ക്ലബ്ബുകള്‍ തുടങ്ങി മദ്യം വിളമ്പുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ നിരോധനം ബാധകമാണ്. സ്റ്റാർ ഹോട്ടലുകള്‍ക്കും ക്ലബ്ബുകള്‍ക്കും മറ്റ് പ്രത്യേക ലൈസൻസുള്ള സ്ഥാപനങ്ങള്‍ക്കും ഈ ദിവസങ്ങളില്‍ മദ്യം വിളമ്പാൻ അനുവാദമുണ്ടാകില്ല.
വ്യക്തികള്‍ മദ്യം സംഭരിച്ചുവെക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള നിയമവിരുദ്ധമായ മദ്യക്കടത്ത് തടയാൻ അതിർത്തികളില്‍ കർശന പരിശോധന നടത്തും. എക്‌സൈസ് നിയമങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ എക്‌സൈസ് കമ്മീഷണർക്കും പോലീസിനും നിർദ്ദേശം നല്‍കിയതായും അറിയിച്ചിരുന്നു.
.jpg)


