ഉത്രാട ദിനത്തിൽ റെക്കോർഡ് മദ്യവിൽപന; ഓണത്തിന് മലയാളി കുടിച്ച് തീർത്തത് 124 കോടി രൂപയുടെ മദ്യം


കൊല്ലം: ഇത്തവണയും പതിവ് തെറ്റിക്കാതെ മദ്യവിൽപ്പന . ഉത്രാട ദിനത്തിൽ റെക്കോർഡ് മദ്യവിൽപനയാണ് രേഖപ്പെടുത്തിയത്. 124 കോടി രൂപയുടെ മദ്യമാണ് ഒരു ദിവസം മാത്രം വിറ്റഴിഞ്ഞത്. കേരളത്തിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റഴിഞ്ഞ ഔട്ട്‌ലെറ്റുകളിൽ ഒന്നും രണ്ടും സ്ഥാനത്ത് കൊല്ലം ജില്ലയിലെ ഔട്ട്‌ലെറ്റുകളാണ്. ആശ്രാമത്തെ ഔട്ട്‌ലെറ്റാണ് ഒന്നാം സ്ഥാനത്തെത്തിയത്.
11 മണിക്കൂറിൽ 1,15,40,870 രൂപയുടെ മദ്യമാണ് വിറ്റത്. കരുനാഗപ്പള്ളിയിലെ ഔട്ട്‌ലെറ്റാണ് രണ്ടാം സ്ഥാനത്ത്. 1,15,02,520 രൂപയുടെ വിൽപനയാണ് ഇവിടെ നടന്നത്. കേരള സംസ്ഥാന ബിവറേജസ് കോർപറേഷനാണ് കണക്കുകൾ പുറത്തുവിട്ടത്.
മൂന്നാം സ്ഥാനത്തുള്ള തൃശൂർ ചാലക്കുടി ഔട്ട്‍ലെറ്റിൽ 1,04,47,620 രൂപയുടെ വിൽപന നടന്നു. തൃശൂർ ഇരിഞ്ഞാലക്കുട ഔട്ട്‍ലെറ്റിൽ 1,00,73,460 രൂപയുടെ വിൽപനയും തിരുവനന്തപുരം പവർഹൗസ് റോഡ് ഔട്ട്‍ലെറ്റിൽ 99,40,910 രൂപയുടെ വിൽപനയും കോട്ടയം ചങ്ങനാശേരി ഔട്ട്‍ലെറ്റിൽ 94,65,880 രൂപയുടെ വിൽപനയും നടന്നു.

124 കോടി രൂപയുടെ മദ്യമാണ് മലയാളി കുടിച്ച് തീർത്തത്. കഴിഞ്ഞ വർഷം ഇത് 116 കോടി രൂപയായിരുന്നു. എന്നാൽ ഉത്രാടം വരെയുള്ള ഒൻപത് ദിവസത്തെ മദ്യ വിൽപനയിൽ ഇടിവും രേഖപ്പെടുത്തി. ഇത്തവണ 701 കോടി രൂപയുടെ മദ്യമാണ് ബെവ്കോയ്‌ക്ക് വിറ്റഴിക്കാനായത്. കഴിഞ്ഞ വർഷം ഈ ദിവസങ്ങളിൽ 715 കോടി രൂപയുടെ മദ്യം വിറ്റിരുന്നു. ഇതോടെ മദ്യവിൽപനയിൽ 14 കോടി രൂപയുടെ ഇടിവാണ് ഉണ്ടായത്.