കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ബിജെപിയുമായി ബന്ധമുണ്ടാക്കി'; സിപിഐഎമ്മിനെതിരെ കെ സുധാകരന്‍

സിപിഐഎം ബിജെപിയോട് ബന്ധമുണ്ടാക്കിയെന്നാരോപിച്ച് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുധാകരന്‍. കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ കേരളത്തില്‍ സിപിഐഎം ബിജെപിയുമായി ബന്ധമുണ്ടാക്കിയെന്നാണ് സുധാകരന്റെ ആരോപണം. മുഖ്യമന്ത്രിക്കെതിരെ വിഡി സതീശനും രമേശ് ചെന്നിത്തലയും തെളിവുകള്‍ പുറത്തുവിടുമ്പോള്‍ ഒരു ഇഡിയും അന്വേഷണത്തിനു വരുന്നില്ല. പിണറായിക്കായി ബിജെപി സുപ്രീംകോടതിയില്‍ വരെ സമ്മര്‍ദ്ദം ചെലുത്തി. അതിന്റെ ഭാഗമായാണ് ലാവ്‌ലിന്‍ കേസ് 33 തവണ മാറ്റിയതെന്നും കെ സുധാകരന്‍ പറഞ്ഞു.
ദേശീയ തലത്തില്‍ സിപിഐഎം ബിജെപിയെ എതിര്‍ക്കുമ്പോള്‍ ഇവിടെ ഇടതുപക്ഷം ബിജെപിയുമായി കൊടുക്കല്‍ വാങ്ങല്‍ നടത്തുന്നു. നീതി പൂര്‍വമായ ജുഡീഷ്യല്‍ സംവിധാനം ഉണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രി പണ്ടേ മുങ്ങിപ്പോകുമായിരുന്നു. ഡി കെ ശിവകുമാറിനെ തേടി നിരവധി തവണയാണ് കേന്ദ്ര ഏജന്‍സികള്‍ വന്നതെന്നും കെ സുധാകരന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു കെ സുധാകരന്റെ പരാമര്‍ശം.