ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധം; തമിഴ്‌നാട് സ്വദേശി തൃശൂരിൽ അറസ്റ്റിൽ, യുഎപിഎ ചുമത്തി
തൃശൂർ: കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്‌ണോയി സംഘവുമായി ഓൺലൈൻ വഴി ബന്ധം പുലർത്തിയ തമിഴ്‌നാട് സ്വദേശി ഗുരുമൂര്‍ത്തി തൃശൂരിൽ അറസ്റ്റിലായി. ഫോട്ടോഗ്രാഫറായ ഇയാൾ ബോളിവുഡ് താരങ്ങൾ പതിവായി സന്ദർശിക്കുന്ന മുംബൈയിലെ വിവിധ സ്ഥലങ്ങളുടെ ചിത്രങ്ങൾ പകർത്തി ബിഷ്‌ണോയി സംഘത്തിന് കൈമാറിയെന്നും, ഇതിന് പ്രതിഫലമായി ഡോളർ കൈപ്പറ്റിയെന്നും പൊലീസ് കണ്ടെത്തി.
കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ എസിപി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തൃക്കങ്ങോട്ടെ താമസസ്ഥലത്ത് നിന്നും ഇയാളെ പിടികൂടിയത്. കഴിഞ്ഞ ഏഴ് മാസമായി തൃക്കങ്ങോട്ടെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഗുരുമൂര്‍ത്തി.ടെലിഗ്രാം വഴി ബിഷ്‌ണോയിയുടെ കൂട്ടാളികളുമായി ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നതായി പൊലീസ് വ്യക്തമാക്കി. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ പ്രതിക്കെതിരെ യുഎപിഎ ചുമത്തി റിമാൻഡ് ചെയ്തു. കേസ് കൂടുതൽ അന്വേഷണത്തിനായി എൻഐഎയ്ക്ക് കൈമാറും.
.jpg)

